
ഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ രാജ്യവ്യാപകമായ പ്രവർത്തന തടസ്സങ്ങൾ ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. എയർലൈൻസ് 95 ശതമാനം കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും, ഞായറാഴ്ച രാവിലെ ഹൈദരാബാദിൽ മാത്രം 100-ലധികം വിമാനങ്ങൾ റദ്ദാക്കി. വിമാനത്താവളങ്ങളിൽ നിരവധി യാത്രക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ തങ്ങളുടെ യാത്രാദുരിതം പങ്കുവെക്കുന്നത് തുടരുകയാണ്.
യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത്, വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കർശന നടപടിയിലേക്ക് കടന്നു. 24 മണിക്കൂറിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ട് ശനിയാഴ്ച ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനും അക്കൗണ്ടബിൾ മാനേജർ ഇസിഡ്രോ പോർക്വറാസിനും ഡി ജി സി എ കാരണം കാണിക്കൽ നോട്ടീസ് നൽകി.