
ലൈംഗിക പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി കോൺഗ്രസ് മാതൃകാപരമായി ഉയർത്തിക്കാട്ടുകയാണ്. എന്നാൽ, ഇതേ വിഷയത്തിൽ സിപിഎം എംഎൽഎ മുകേഷിനെതിരെ എന്ത് നടപടിയെടുത്തു എന്നാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രധാനമായി ഉന്നയിക്കുന്ന ചോദ്യം. മുകേഷിനെതിരെ ലൈംഗിക ആരോപണം ഉയരുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, പാർട്ടി അംഗമല്ലാത്ത ഒരാൾക്കെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടതെന്നാണ് സിപിഎമ്മിന്റെ മറുവാദം.
ഈ സാഹചര്യത്തിൽ പ്രതികരണവുമായി മുകേഷ് എംഎൽഎ തന്നെ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തനിക്ക് അഭിപ്രായമൊന്നുമില്ലെന്ന് അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു. മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിച്ച് പറയുന്ന രാഷ്ട്രീയം തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ വന്ന ആരോപണങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്നും, കാരണം തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ കുറ്റബോധമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്; അത് തെളിയിക്കട്ടെ എന്നും, കേസിന്റെ കാര്യത്തിൽ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും മുകേഷ് കൂട്ടിച്ചേർത്തു.
കൊല്ലം മണ്ഡലത്തിൽ വികസനം കൊണ്ടുവരുന്നതിലും, അഭിനയ ജീവിതത്തിൽ ലഭിക്കുന്ന റോളുകൾ മനോഹരമാക്കുന്നതിലുമാണ് താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുകേഷ് പറഞ്ഞു. രാഹുൽ വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസുകാർ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് അവരുടെ "കച്ചിത്തുരുമ്പാണ്". താൻ കാസർകോട് മുതൽ പാറശ്ശാല വരെ പോയാലും തന്റെ കേസുകൾ ആരും ചർച്ച ചെയ്യുന്നില്ലെന്നും, അടുത്ത സിനിമയെക്കുറിച്ചും എംഎൽഎ എന്ന നിലയിലെ പ്രവർത്തനങ്ങളെക്കുറിച്ചുമല്ലാതെ മറ്റൊന്നും ആരും ചോദിക്കില്ലെന്നതുമാണ് തന്റെ ധൈര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
English summary:
What's wrong if they mention my name, it's a straw for Congress to cling to'; Mukesh avoids commenting on Rahul