Image

ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ബിജെപിക്ക് വോട്ട് അഭ്യർത്ഥിച്ച് നോട്ടീസ്; വിവാദം

രഞ്ജിനി രാമചന്ദ്രൻ Published on 05 December, 2025
ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ബിജെപിക്ക് വോട്ട് അഭ്യർത്ഥിച്ച് നോട്ടീസ്; വിവാദം

ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യം വെച്ച് ബിജെപിക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള നോട്ടീസ് കോട്ടയത്ത് വിവാദമായി. ഇടത്, വലത് മുന്നണികൾ മത തീവ്രവാദ പ്രീണനം നടത്തുന്നുവെന്നാണ് 'എന്തുകൊണ്ട് ബിജെപി' എന്ന തലക്കെട്ടിലുള്ള ഈ ബഹുവർണ്ണ നോട്ടീസിലെ പ്രധാന ഉള്ളടക്കം. നോട്ടീസ് ആരാണ് പുറത്തിറക്കിയതെന്നതിനെക്കുറിച്ച് വ്യക്തതയില്ല. "കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന മത തീവ്രവാദ-പ്രീണന അജണ്ടകൾ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യം വെയ്ക്കുമ്പോൾ" എന്ന ഉപശീർഷകത്തോടു കൂടിയ ഈ നോട്ടീസിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കൊപ്പം ബിജെപി നേതാക്കളും പ്രധാനമന്ത്രിയും നിൽക്കുന്ന ചിത്രങ്ങളുണ്ട്. എന്നാൽ ഇത് അച്ചടിച്ചയാളെക്കുറിച്ചോ അച്ചടിച്ച കോപ്പികളുടെ എണ്ണത്തെക്കുറിച്ചോ യാതൊരു വിവരവും നോട്ടീസിലില്ല. ഇതേ തുടർന്ന് നോട്ടീസിനെതിരെ പരാതി നൽകാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം, വഖഫ്, കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങൾ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ ഭാഗമാണെന്ന് നോട്ടീസിൽ പറയുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനത്തിൻ്റെ ഭരണഘടനാപരമായ അവകാശം തീവ്രവർഗ്ഗീയ ശക്തികൾക്ക് വേണ്ടി അട്ടിമറിക്കാൻ ഭരണപ്രതിപക്ഷങ്ങൾ ഒന്നിച്ചുവെന്നാണ് പള്ളുരുത്തി സ്കൂൾ വിഷയത്തെ ഉയർത്തിക്കാട്ടി നോട്ടീസിൽ ആരോപിക്കുന്നത്. കൂടാതെ, കോൺഗ്രസ്-സിപിഎം സൈബർ പോരാളികൾ എസ്ഡിപിഐ-ജമാഅത്തെ ഇസ്ലാമി വാദമുഖങ്ങൾ ഏറ്റെടുത്ത് പ്രചാരണം നൽകിയെന്നും, ഇടത്-വലത് രാഷ്ട്രീയക്കാർ ഛത്തീസ്ഗഢിലെ കന്യാസ്ത്രീമാർക്കുവേണ്ടി കണ്ണീരൊഴുക്കിയത് കാപട്യമാണെന്നും നോട്ടീസ് കുറ്റപ്പെടുത്തുന്നു.

കേരളത്തിൽ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ അധിനിവേശം ശക്തിപ്പെട്ടിരിക്കുകയാണെന്നും, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ഇരു മുന്നണികളും വർഗ്ഗീയ സംഘടനകളുടെ സഹായം പരസ്യമായി സ്വീകരിച്ചുവെന്നും നോട്ടീസിൽ പരാമർശമുണ്ട്. കോൺഗ്രസ് പാർട്ടി പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ അജണ്ടകൾക്കൊപ്പിച്ച് ഷേപ്പ് ചെയ്തവരെ മാത്രമേ യുവനിരയിൽ വളരാൻ അനുവദിക്കുകയുള്ളൂ എന്നും പറയുന്നു. പൊളിറ്റിക്കൽ ഇസ്‌ലാമിനെ ചെറുത്തു തോൽപ്പിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് നോട്ടീസിലെ ആഹ്വാനം.

English summary:
Notice targeting Christian communities requesting votes for BJP stirs controversy

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക