Image

വിസി നിയമനം;സുപ്രീം കോടതി ഉത്തരവിലെ അജ്ഞതയാണ് മുഖ്യമന്ത്രിക്കെന്ന് രാജ്ഭവൻ

രഞ്ജിനി രാമചന്ദ്രൻ Published on 05 December, 2025
വിസി നിയമനം;സുപ്രീം കോടതി ഉത്തരവിലെ അജ്ഞതയാണ് മുഖ്യമന്ത്രിക്കെന്ന് രാജ്ഭവൻ

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ (വിസി) നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി രാജ്ഭവൻ വൃത്തങ്ങൾ രംഗത്തെത്തി. സുപ്രീംകോടതിയുടെ ഉത്തരവിലെ അജ്ഞതയാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് കാരണമെന്നും, ഗവർണർ പ്രവർത്തിക്കുന്നത് കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണെന്നും രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഗവർണർ സുപ്രീംകോടതി വിധിയെ ധിക്കരിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും, അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നും അവർ കുറ്റപ്പെടുത്തി.

ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ സമവായത്തിലെത്തിയില്ലെങ്കിൽ വിസി നിയമനത്തിൽ ഇടപെടേണ്ടിവരുമെന്ന് സുപ്രീംകോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ അധ്യക്ഷതയിൽ രൂപീകരിച്ച രണ്ട് സെർച്ച് കമ്മിറ്റികൾ നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായമുണ്ടാകാത്ത പക്ഷം വിസി നിയമനം കോടതി ഏറ്റെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി മെറിറ്റ് അവഗണിച്ചു എന്ന് ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോണി ജനറൽ കോടതിയിൽ കുറ്റപ്പെടുത്തി.

സാങ്കേതിക സർവകലാശാലയിലേക്ക് (കെടിയു) സി. സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ. എന്നാൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പ്രിയ ചന്ദ്രനെയും കെടിയുവിൽ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവർണറുടെ നിർദ്ദേശം. ഈ ശുപാർശകൾ ഗവർണർക്ക് നൽകിയിരുന്നെങ്കിലും നിയമനം നടന്നിരുന്നില്ല.

English summary:

 Lok Bhavan says CM's reaction on VC appointment due to ignorance of Supreme Court order

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക