
സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊല്ലം, കോഴിക്കോട് എംപിമാർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുകയും പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുകയും ചെയ്യുന്ന 'മാരീചന്മാരെ' തിരിച്ചറിയണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം പാർലമെന്റിൽ ഇരുവരും ഉന്നയിച്ച ചോദ്യത്തെക്കുറിച്ചായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കിയതിനാൽ കേരളത്തിലെ അന്ത്യോദയ റേഷൻ യോജന (AAY) കാർഡുടമകൾക്കുള്ള ധാന്യവിഹിതം വെട്ടിക്കുറയ്ക്കുമോ, കൂടാതെ ഈ പ്രഖ്യാപനം വഴി കേരളത്തിന് വിദേശ ഏജൻസികളിൽ നിന്ന് വായ്പയെടുക്കാൻ സാധിക്കുമോ എന്നതായിരുന്നു അവരുടെ ചോദ്യം.
കേന്ദ്ര സർക്കാർ ഇതിന് മറുപടിയായി അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയും കേന്ദ്ര റേഷൻ വിഹിതവും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കി. എന്നാൽ, കേരളത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രത്തെ പരോക്ഷമായി ഉപദേശിക്കുകയായിരുന്നു എംപിമാർ എന്ന് ധനമന്ത്രി ആരോപിച്ചു. കേന്ദ്രം അവ്യക്തമായ മറുപടി നൽകിയിരുന്നെങ്കിൽ അത് ഉപയോഗിച്ച് 'അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി മൂലം പാവങ്ങളുടെ അരി പോയിരിക്കുന്നു' എന്ന കള്ളപ്രചാരണം ഇവർ നടത്താൻ ശ്രമിക്കുമായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തടയുകയും അത് സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവെക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് ധനമന്ത്രി ആരോപിച്ചു. ഇടതുപക്ഷത്തോടുള്ള ഇവരുടെ വിരോധം ഇപ്പോൾ കേരളത്തോടുള്ള വിരോധമായി മാറിയിരിക്കുന്നു. ലോകം മുഴുവൻ അംഗീകരിച്ച അതിദാരിദ്ര്യ വിമുക്ത പദ്ധതിയുടെ വിജയത്തിൽ അസഹിഷ്ണുത പൂണ്ടാണ് മലയാളികളോടുള്ള വെല്ലുവിളിയായി ഈ 'കുതന്ത്രം' കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary:
K N Balagopal against Kollam, Kozhikode MPs for 'conspiracy' against the state