Image

മരണാനന്തര ചടങ്ങിനിടെ മദ്യലഹരിയിൽ തർക്കം, മൂന്ന് യുവാക്കൾ കിണറ്റിൽ വീണു

രഞ്ജിനി രാമചന്ദ്രൻ Published on 05 December, 2025
മരണാനന്തര ചടങ്ങിനിടെ മദ്യലഹരിയിൽ തർക്കം, മൂന്ന് യുവാക്കൾ കിണറ്റിൽ വീണു

തിരുവനന്തപുരത്ത് ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപമുള്ള ഒരു വീട്ടിലെ മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് മൂന്ന് പേർ കിണറ്റിൽ വീണു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ചടങ്ങിനെത്തിയ അഞ്ച് പേരടങ്ങുന്ന സംഘം മദ്യപിച്ച ശേഷം അടുത്തുള്ള പുരയിടത്തിലെ കിണറ്റിൻകരയിലിരുന്ന് സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് മൂന്ന് പേർ 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. കിണറ്റിൽ ഏകദേശം ആറടിയോളം വെള്ളമുണ്ടായിരുന്നു.

അനൂപ്, സനു, ശ്യാം എന്നിവരാണ് കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ ആദ്യം വീണ അനൂപിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് സുഹൃത്തുക്കളും വീണതെന്നാണ് വിവരം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഒരാളെ കരയിലെത്തിച്ചെങ്കിലും മറ്റുള്ളവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആറ്റിങ്ങൽ യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി റോപ്പും നെറ്റും ഉപയോഗിച്ച് ബാക്കിയുള്ള രണ്ട് പേരെയും രക്ഷപ്പെടുത്തി.

കിണറ്റിൽ വെള്ളമുണ്ടായിരുന്നതിനാൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് ആറ്റിങ്ങൽ അഗ്നിശമന സേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻനായരുടെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകിയത്. കിണറ്റിൽ നിന്നും കരകയറിയ യുവാക്കൾ തർക്കങ്ങളെല്ലാം മറന്ന് പരസ്പരം ആലിംഗനം ചെയ്താണ് അവിടെ നിന്ന് മടങ്ങിയത്.

English summary: 

Three youths fall into well after fighting in intoxicated state during funeral ceremony

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക