
തൃശൂർ പേരാമംഗലത്ത് ബൈക്ക് ഹോൺ അടിച്ചതിൻ്റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് അച്ഛനും മകനും സുഹൃത്തും ഉൾപ്പെടെ മൂന്നുപേരെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂരിലെ പച്ചക്കറിക്കടയിലെ ജീവനക്കാരനായ കൃഷ്ണ കിഷോറാണ് (കേച്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്നയാൾ) പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30-നാണ് സംഭവം നടന്നത്. ബാഡ്മിന്റൺ കളി കഴിഞ്ഞ് രണ്ടു സ്കൂട്ടറുകളിലായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പേരാമംഗലം സ്വദേശി ബിനീഷ്, മകൻ അഭിനവ്, സുഹൃത്ത് അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. വഴിയിൽ ബൈക്ക് പാർക്ക് ചെയ്തിരുന്ന പ്രതി കൃഷ്ണ കിഷോറിൻ്റെ അടുത്തെത്തിയ അഭിജിത്ത് ഹോൺ മുഴക്കിയതാണ് തർക്കത്തിനും തുടർന്ന് കത്തിക്കുത്തിനും കാരണമായത്. തൊട്ടുപിന്നാലെ എത്തിയ ബിനീഷും അഭിനവും തർക്കത്തിൽ ഇടപെട്ടതോടെ പ്രകോപിതനായ കൃഷ്ണ കിഷോർ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മൂന്നുപേരെയും കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം പ്രതി ബൈക്ക് ഉപേക്ഷിച്ച് കാറിൽ വാളയാർ ചെക്ക് പോസ്റ്റ് വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു. ഇതോടെ പേരാമംഗലം പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. പോലീസ് അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ പ്രതി സ്വമേധയാ സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
English summary:
Didn't like the honking, argument escalated to stabbing; Youth who stabbed a father, his son, and a friend arrested in Thrissur.