Image

കുസാറ്റ് തിരിച്ചുപിടിച്ച് SFI ; 190 സീറ്റില്‍ 104 ല്‍ വിജയം

രഞ്ജിനി രാമചന്ദ്രൻ Published on 05 December, 2025
കുസാറ്റ് തിരിച്ചുപിടിച്ച് SFI ;  190 സീറ്റില്‍ 104 ല്‍ വിജയം

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (കുസാറ്റ്) വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തിളക്കമാർന്ന വിജയം. കഴിഞ്ഞ വർഷം എസ്‌എഫ്ഐക്ക് നഷ്ടപ്പെട്ട യൂണിയൻ ഇത്തവണ തിരിച്ചുപിടിക്കാൻ സാധിച്ചത് സംഘടനയ്ക്ക് ആഹ്ലാദകരമായ വാർത്തയാണെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. അപ്രതീക്ഷിത തോൽവിയിൽ തളർന്നുപോകാതെ, വിദ്യാർത്ഥികൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിൻ്റെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ (യു.യു.സി.) തിരഞ്ഞെടുപ്പിൽ ആകെയുള്ള 190 സീറ്റുകളിൽ 104 സീറ്റുകളാണ് എസ്എഫ്ഐ നേടിയത്. ഇതോടെ കഴിഞ്ഞ തവണ കെഎസ്‌യുവിൽ നിന്ന് നഷ്ടമായ യൂണിയൻ ഭരണം എസ്എഫ്ഐ തിരികെ പിടിച്ചു. കഴിഞ്ഞ വർഷം 174 സീറ്റിൽ 86 സീറ്റ് നേടിയാണ് കെഎസ്‌യു കുസാറ്റിൽ യൂണിയൻ ഭരണം നേടിയിരുന്നത്.

എസ്എഫ്ഐയുടെ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി പി. രാജീവ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്: "കഴിഞ്ഞ വർഷം എസ്‌എഫ്ഐക്ക് നഷ്ടപ്പെട്ട കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ യൂണിയൻ ഈ വർഷം തിരിച്ചുപിടിക്കാൻ സാധിച്ചിരിക്കുന്നു എന്നത് ആഹ്ലാദകരമായ വാർത്തയാണ്. അന്നത്തെ അപ്രതീക്ഷിത തോൽവിയിൽ തളർന്നുപോകാതെ, കുട്ടികൾ എണ്ണയിട്ട യന്ത്രം പോലെ ക്യാമ്പസിൽ പ്രവർത്തിക്കുകയും എല്ലാ ഊർജ്ജവുമുൾക്കൊണ്ടുകൊണ്ട് സംഘടനയെ തോളിലേറ്റുകയും ചെയ്തു. ഈ പരിശ്രമങ്ങൾക്ക് ഇതാ യൂണിയൻ തെരഞ്ഞെടുപ്പിൽ ഫലവും ലഭിച്ചിരിക്കുന്നു." വിജയത്തിന് വോട്ട് നൽകിയ വിദ്യാർത്ഥികളെയും സംഘടനാ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

 

 

English summary:

SFI Recaptures CUSAT; Wins 104 out of 190 seats

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക