Image

ഇൻഡിഗോ അരാജകത്വം മൂലം ഡി ജി സി എ പുതിയ ചട്ടങ്ങൾ തത്കാലത്തേക്കു മരവിപ്പിച്ചു (പിപിഎം)

Published on 05 December, 2025
 ഇൻഡിഗോ അരാജകത്വം മൂലം ഡി ജി സി എ പുതിയ ചട്ടങ്ങൾ തത്കാലത്തേക്കു മരവിപ്പിച്ചു (പിപിഎം)

ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയതു മൂലം ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞതിനാൽ പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിൽ കൊണ്ടു വന്ന നിയന്ത്രണങ്ങൾ ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തത്കാലത്തേക്കു പിൻവലിച്ചു. പൈലറ്റുമാർക്ക് ആഴ്ചയിൽ 36 മണിക്കൂർ വിശ്രമം അനുവദിച്ചിരുന്നത് 48 മണിക്കൂർ ആയി ഉയർത്തിയതു തത്കാലം നടപ്പാക്കില്ല.

പൈലറ്റുമാർ അവധി എടുത്താൽ അത് വിശ്രമമായി കണക്കാക്കണം എന്ന ചട്ടവും മരവിപ്പിച്ചിട്ടുണ്ട്. എല്ലാ എയർലൈനുകൾക്കും അതു ബാധകമാണ്.

ഇതോടെ പൈലറ്റുമാരുടെ ലഭ്യത മെച്ചപ്പെടുകയും ഫ്ലൈറ്റുകൾ റദ്ദാക്കുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയുകയും ചെയ്യും എന്നാണ് പ്രതീക്ഷ. രണ്ടു വർഷത്തെ നോട്ടീസ് നൽകിയ ചട്ടങ്ങൾ നടപ്പാക്കാൻ കൂടുതൽ പൈലറ്റുമാരെ നിയമിക്കാതിരുന്ന കുറ്റം ഇൻഡിഗോയുടെ മേൽ ഉണ്ടെങ്കിലും യാത്രക്കാരുടെ ദുരിതം കണക്കിലെടുത്തു ഡി ജി സി എ ഈ ഒഴിവ് നൽകുകയായിരുന്നു.  

എന്നാൽ സുരക്ഷാ വീഴ്ചകൾ ഉണ്ടാവാൻ പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. അതുണ്ടായാൽ പുതിയ ചട്ടങ്ങൾ മരവിപ്പിച്ച ഉത്തരവ് ഉടൻ പിൻവലിക്കും.  

ഇൻഡിഗോ യാത്രക്കാരോടു മാപ്പു ചോദിക്കയും ഡിസംബർ 5-15 തീയതികളിൽ റദ്ദായ ഫ്ലൈറ്റുകളിലെ ടിക്കറ്റ് പണം തിരിച്ചു കൊടുക്കുമെന്നു വാഗ്‌ദാനം ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ചയും നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കപ്പെട്ടു. പല വിമാനത്താവളങ്ങളിലും അതു മറ്റു സർവീസുകളെയും ബാധിച്ചു. ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരാനും അതു കാരണമായി.

DGCA pauses new FDTL rules to ease Indigo chaos 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക