Image

മുകേഷ് സിപിഐഎമ്മിന്റെ അംഗമോ ഒരു ബ്രാഞ്ച് മെമ്പർ പോലുമല്ല, പിന്നെ എങ്ങനെ നടപടിയെടുക്കും; എം വി ഗോവിന്ദൻ

രഞ്ജിനി രാമചന്ദ്രൻ Published on 04 December, 2025
മുകേഷ് സിപിഐഎമ്മിന്റെ അംഗമോ ഒരു ബ്രാഞ്ച് മെമ്പർ പോലുമല്ല, പിന്നെ എങ്ങനെ നടപടിയെടുക്കും; എം വി ഗോവിന്ദൻ

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നതാണെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. രാഹുലിന് കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു എം.വി. ഗോവിന്ദൻ്റെ ഈ പ്രതികരണം.

രാഹുലിനെതിരെയുള്ള ആരോപണങ്ങളുടെ ഗൗരവം അദ്ദേഹം എടുത്തുപറഞ്ഞു. രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നതാണ്. രാഹുലിനെതിരെ ഇനിയും പരാതികൾ വരുമെന്നും, ഒൻപത് അതിജീവിതമാരുടെ പരാതികൾ കെ.പി.സി.സിക്ക് ലഭിച്ചതായി കോൺഗ്രസ് നേതാക്കൾ തന്നെ പറഞ്ഞിരുന്നതായും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. രാഹുൽ ലോകത്തിൻ്റെ ഏത് ഭാഗത്ത് പോയാലും പോലീസ് പിടികൂടും. എന്നാൽ, ഇതുവരെ പിടികൂടാതിരുന്നത് കോൺഗ്രസിൻ്റെ സംരക്ഷണയിൽ ആയിരുന്നതിനാലാണ്. ഇനിയും സംരക്ഷണം ലഭിച്ചാൽ അറസ്റ്റ് വൈകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നടനും എം.എൽ.എയുമായ മുകേഷിനെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും എം.വി. ഗോവിന്ദൻ മറുപടി നൽകി. മുകേഷ് സി.പി.ഐ.എമ്മിൻ്റെ അംഗമോ ഒരു ബ്രാഞ്ച് മെമ്പർ പോലുമല്ല. അങ്ങനെയുള്ള ഒരാൾക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. മുകേഷിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണെന്നും, കേസിൻ്റെ അടിസ്ഥാനത്തിൽ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

English summary:

Mukesh is neither a member nor even a branch member of the CPI(M), so how can action be taken? - M V Govindan."

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക