
വംശനാശഭീഷണി നേരിടുന്നതും കോടികൾ വിലമതിക്കുന്നതുമായ 11 അപൂർവയിനം പക്ഷികളുമായി ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടിയിലായി. തായ്ലൻഡിൽ നിന്ന് ക്വാലാലംപുർ വഴി എത്തിയ ഇവരും ഏഴ് വയസ്സുള്ള മകനും ഉൾപ്പെടുന്ന കുടുംബമാണ് അറസ്റ്റിലായത്. ഇവരുടെ ചെക്ക്-ഇൻ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇൻ്റലിജൻസ് യൂണിറ്റ് നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച പക്ഷികളെ കണ്ടെത്തിയത്.
പിടിച്ചെടുത്ത പക്ഷികൾ വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കൺവെൻഷനിലെ (CITES) ചട്ടം 1, 2 വിഭാഗങ്ങളിൽപ്പെടുന്നവയാണ്. മൃഗശാലകൾ വഴി മാത്രമേ ഇവയെ കൊണ്ടുവരാൻ സാധിക്കൂ എന്ന നിയമപരമായ മാനദണ്ഡങ്ങൾ ദമ്പതികൾ ലംഘിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി ഈ പക്ഷികളെ തായ്ലൻഡിലേക്ക് തന്നെ കയറ്റി അയയ്ക്കും. ദമ്പതികളെയും പക്ഷികളെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനും തുടർനടപടികൾക്കുമായി വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.
തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്ന് അപൂർവയിനം പക്ഷികളെയും മൃഗങ്ങളെയും വ്യാപകമായി കടത്തുന്ന സംഭവങ്ങൾ അടുത്തിടെ കൊച്ചി വിമാനത്താവളത്തിൽ വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം മാത്രം കൊച്ചിയിൽ പിടികൂടുന്ന മൂന്നാമത്തെ സമാനമായ കടത്താണിത്. കഴിഞ്ഞ ജൂണിൽ അപൂർവയിനം കുരങ്ങന്മാരെയും പക്ഷിയെയും കടത്തിയ പത്തനംതിട്ട സ്വദേശികളായ ദമ്പതികളും ഇതിനുമുമ്പ് ജനുവരിയിലും കഴിഞ്ഞ വർഷം ഡിസംബറിലും സമാനമായ കടത്തുകളും കൊച്ചിയിൽ പിടികൂടിയിരുന്നു.
English summary:
11 rare birds worth crores of rupees: Couple arrested at Nedumbassery Airport