
2017-ൽ യു.എസിൽ ഇന്ത്യക്കാരായ യുവതിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് എഫ്.ബി.ഐ. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്ന നസീർ ഹമീദിനെ പിടികൂടാൻ സഹായിക്കണമെന്നും ഇയാളെ കൈമാറാൻ നടപടിയെടുക്കണമെന്നും എഫ്.ബി.ഐ. ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു.എസിലെ ന്യൂജേഴ്സിയിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ വെച്ച് 2017 മാർച്ചിലാണ് സംഭവം നടന്നത്. യു.എസിൽ ജോലി ചെയ്തിരുന്ന ശശികല നാര (38), മകൻ അനീഷ് നാര (6) എന്നിവരെയാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ശേഷം ആറുമാസത്തിന് ശേഷമാണ് നസീർ ഹമീദ് യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നത്.
ശശികലയുടെ ഭർത്താവ് ഹനുമന്ത് നാരയെയും മറ്റ് കുടുംബാംഗങ്ങളെയും നസീർ കൊലപാതകത്തിന് മുമ്പ് പിന്തുടർന്നിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എഫ്.ബി.ഐ. ഇയാൾക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ യു.എസ്. കോടതി നസീർ ഹമീദിനെതിരെ കൊലക്കുറ്റം ചുമത്തുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത് യു.എസിൽ എത്തിച്ചാൽ മാത്രമേ കൊലപാതകത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്നും എഫ്.ബി.ഐ. വ്യക്തമാക്കി.
English summary:
FBI announces $50,000 reward for the capture of the accused who murdered an Indian woman and her son and fled the US.