Image

കൊല്ലം രൂപതയുടെ അസാധാരണ അനുമതി; പള്ളി സെമിത്തേരിയിൽ ഇനിമുതൽ അടക്കം ചെയ്യില്ല, ദഹനം മാത്രം; തീരുമാനം സമീപവാസിയുടെ എതിർപ്പിൽ

രഞ്ജിനി രാമചന്ദ്രൻ Published on 04 December, 2025
കൊല്ലം രൂപതയുടെ അസാധാരണ അനുമതി; പള്ളി സെമിത്തേരിയിൽ ഇനിമുതൽ അടക്കം ചെയ്യില്ല, ദഹനം മാത്രം; തീരുമാനം സമീപവാസിയുടെ എതിർപ്പിൽ

കല്ലറയിലോ മണ്ണിലോ മൃതദേഹം അടക്കം ചെയ്യാനാവില്ലെന്ന നിയമതടസ്സം മറികടക്കുന്നതിനായി, തേവലക്കര അരിനല്ലൂർ മുട്ടം വിശുദ്ധ ദേവസഹായം പിള്ള പള്ളി ക്രൈസ്തവ മതാചാരപ്രകാരമുള്ള സംസ്കാര രീതിയിൽ ശ്രദ്ധേയമായ മാറ്റം വരുത്തി. പരമ്പരാഗത രീതിക്ക് പകരം പള്ളി സെമിത്തേരിയിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ (Cremation) ഉള്ള സൗകര്യമാണ് ഇടവക അധികൃതർ ഒരുക്കിയിരിക്കുന്നത്.

ഇടവകയ്ക്ക് വേണ്ടി സെമിത്തേരിക്കായി സ്ഥലം വാങ്ങിയെങ്കിലും, അവിടെ മൃതദേഹം അടക്കം ചെയ്യുന്നതിനെതിരെ ഒരു സമീപവാസി കോടതിയെ സമീപിക്കുകയും കല്ലറയിലോ മണ്ണിലോ സംസ്കരിക്കാൻ പാടില്ലെന്ന് കോടതി നിബന്ധന വെക്കുകയും ചെയ്തു. ഈ നിയമപരമായ അനിശ്ചിതത്വം നിലനിന്നതോടെ, ഇടവക അധികാരികൾ കൊല്ലം രൂപതയുടെ അനുമതിയോടെ മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള പുതിയ രീതിയിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.

പുതിയ സംസ്കാര രീതി പ്രകാരം, ഗ്യാസ് സംവിധാനം ഉപയോഗിച്ചാണ് മൃതദേഹം ദഹിപ്പിക്കുന്നത്. തുടർന്ന് ലഭിക്കുന്ന ഭൗതികാവശിഷ്ടമായ ചാരം മതാചാരപ്രകാരം സെമിത്തേരിയിൽ തന്നെ അടക്കം ചെയ്യും. ഈ രീതിയിലൂടെ കോടതിവിധിയുടെ ലംഘനം ഉണ്ടാകുന്നില്ല. കൂടാതെ, പ്രകൃതിക്കോ പ്രദേശവാസികൾക്കോ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ലെന്നും സെമിത്തേരിയിലെ സ്ഥലപരിമിതി എന്ന പ്രശ്നം മറികടക്കാൻ സാധിക്കുമെന്നും ഇടവക അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ ഓശാന ഭവനത്തിലെ ക്ലീറ്റസ് ഉൾപ്പെടെ ഇടവകയിൽ ഉൾപ്പെട്ട രണ്ട് മൃതദേഹങ്ങൾ ഈ രീതിയിൽ സംസ്കരിച്ചു കഴിഞ്ഞു. ഇടവകാംഗങ്ങളുടെ അനുമതിയോടെ ഈ രീതി തുടർന്നും പിന്തുടരാനാണ് പള്ളി ഭാരവാഹികളുടെ ആലോചന.

 

 

English summary:

Extraordinary approval from Kollam Diocese; No more burial in church cemetery, only cremation; Decision due to neighbor's opposition

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക