
ഇന്ത്യയിലെ അതിവേഗ ഓൺലൈൻ ഡെലിവറി സംവിധാനത്തെ പ്രശംസിച്ച് യു.എസിൽ താമസിക്കുന്ന ഇന്ത്യൻ വംശജയും 'ട്രിഫെച്ച്' (TriFetch) സിഇഒയുമായ വരുണി സർവാൾ. 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തുന്ന ഇന്ത്യൻ സംസ്കാരം വിദേശികൾക്ക് അത്ഭുതമാണ്. ആമസോൺ പ്രൈമിൻ്റെ രണ്ടു ദിവസത്തെ ഡെലിവറിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ 'പഴഞ്ചനായി' തോന്നുന്നുവെന്നും വരുണി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു.
യു.എസ്. കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ മുന്നിലാണെന്ന് വിശ്വസിക്കുമ്പോഴും, ഇന്ത്യയുടെ ബി2സി ലോജിസ്റ്റിക്സ് ഇതിനകം തന്നെ 2030-ൽ എത്തിക്കഴിഞ്ഞെന്നാണ് വരുണിയുടെ നിരീക്ഷണം. "സാൻ ഫ്രാൻസിസ്കോയിൽ സെൽഫ് ഡ്രൈവിംഗ് കാറുകളുണ്ട്. ഇന്ത്യയിൽ പത്ത് മിനിറ്റിനുള്ളിൽ എല്ലാം കിട്ടും. ഇതിൽ ഏതാണ് കൂടുതൽ ആകർഷണീയമെന്ന് എനിക്കറിയില്ല," അവർ പറയുന്നു.
വരുണിയും സഹപ്രവർത്തക റോസ്മേരിയും ഒരു സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ റാഞ്ചിയിൽ എത്തിയപ്പോഴാണ് ഈ അനുഭവം ഉണ്ടായത്. ഹൽദി ചടങ്ങിനുള്ള വസ്ത്രങ്ങൾ കയ്യിലില്ലാതിരുന്നതിനെ തുടർന്ന് ഇരുവരും ബ്ലിങ്കിറ്റിൽ ഓർഡർ ചെയ്തു. വെറും 15 മിനിറ്റിനുള്ളിൽ വസ്ത്രങ്ങൾ കൈകളിൽ എത്തി. യു.എസിൽ ഇതേ ആവശ്യത്തിനായി ഒന്നുകിൽ മാളുകളിൽ പോകേണ്ടി വരും, അല്ലെങ്കിൽ സാധനം കിട്ടാൻ രണ്ട് ദിവസം കാത്തിരിക്കേണ്ടി വരുമെന്നും വരുണി ചൂണ്ടിക്കാട്ടി. ഇന്ത്യയെ പുകഴ്ത്തിയുള്ള വരുണിയുടെ ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
English summary:
India is way cooler than America in this regard, Indian logistics reached 2030'; Viral post by TriFetch CEO.