
കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ചിത്രം പങ്കുവെച്ച് മുൻ കോൺഗ്രസ് നേതാവും നിലവിൽ ബി.ജെ.പി. അംഗവുമായ പദ്മജ വേണുഗോപാൽ നടത്തിയ ട്രോൾ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. "Well done my boy, Mission accomplished" എന്ന അടിക്കുറിപ്പോടെയാണ് പദ്മജ പോസ്റ്റ് ചെയ്തത്.
കോൺഗ്രസിൽ നിന്ന് പദ്മജ ബി.ജെ.പിയിലേക്ക് മാറിയതിന് പിന്നാലെ, കോൺഗ്രസിനുള്ളിൽ നിന്ന് ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണ് സന്ദീപ് വാര്യർ എന്ന ധ്വനി നൽകാനാണ് പദ്മജ ശ്രമിച്ചത്. 'ചെയർ വാരിയർ' എന്നും, ശത്രുവിനെ വീഴ്ത്താൻ ഉപയോഗിക്കുന്ന തന്ത്രമെന്ന നിലയിൽ 'ട്രോജൻ ഹോഴ്‌സ്' എന്നുമെല്ലാം സന്ദീപ് വാര്യരെ പരിഹസിച്ച് നിരവധി കമന്റുകൾ പോസ്റ്റിന് താഴെ വന്നു. 'മിഷൻ അവസാനിച്ചിട്ടില്ല, തുടരുകയാണ്' എന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ, പദ്മജയുടെ പോസ്റ്റിന് ഉടൻ തന്നെ മറുപടിയുമായി സന്ദീപ് വാര്യർ രംഗത്തെത്തി. പദ്മജയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ: "ചേച്ചിയുടെ മിഷൻ ഇത് വരെ പൂർത്തിയായില്ല. ബി.ജെ.പി.യുടെ ഏഴയലത്ത് പോലും അടുപ്പിച്ചിട്ടില്ല പാവത്തിനെ." ചില കമന്റുകൾ സന്ദീപ് വാര്യരെ അനുകൂലിച്ചും വന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിന് സന്ദീപ് വാര്യരടക്കം അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു എന്ന വിവരവും ഇതിനോടൊപ്പം ചർച്ചയായി.
English summary:
Well Done My Boy'; Padmaja Venugopal Trolls Sandeep Warrier; Warrier Hits Back Saying 'Didn't Even Get Close