
ടെലിവിഷൻ ചാനലുകളുടെ വ്യൂവർഷിപ്പ് അളക്കുന്ന ബാർക്ക് (BARC) ഡാറ്റയിൽ വൻതോതിൽ തിരിമറി നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനൽ ഉടമക്കെതിരെ കളമശ്ശേരി പോലീസ് കേസെടുത്തു. 24 ന്യൂസ് ചാനലിലെ സീനിയർ വൈസ് പ്രസിഡൻ്റ് സി. ഉണ്ണികൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബാർക്ക് സീനിയർ മാനേജർ പ്രേംനാഥ് ഒന്നാം പ്രതിയും റിപ്പോർട്ടർ ചാനൽ ഉടമ രണ്ടാം പ്രതിയുമാണ്. പ്രതികൾക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ചുമത്തിയിരിക്കുന്നത്.
ബാർക്കിലെ ജീവനക്കാർക്ക് കോടികൾ കോഴ നൽകി റേറ്റിംഗ് അട്ടിമറിക്കുന്നു എന്ന 24 ന്യൂസ് ചാനലിൻ്റെ 'ഓപ്പറേഷൻ സത്യ' എന്ന അന്വേഷണാത്മക പരമ്പരയോടെയാണ് ഈ വിവാദങ്ങൾ ആരംഭിക്കുന്നത്. ക്രിപ്‌റ്റോ കറൻസി വഴി ഒന്നാം പ്രതിയായ പ്രേംനാഥിന് കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്തതായും, റേറ്റിംഗ് മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളുടെ പിൻകോഡ് വിവരങ്ങൾ ഉൾപ്പെടെയുള്ള രഹസ്യ ഡാറ്റകൾ ചോർത്തി റേറ്റിംഗിൽ കൃത്രിമം നടത്തിയെന്നുമാണ് പ്രധാന ആരോപണം.
ഈ തട്ടിപ്പിലൂടെ തൻ്റെ ചാനലിന് 15 കോടി രൂപയുടെ പരസ്യവരുമാന നഷ്ടം സംഭവിച്ചതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടി. കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡൻ്റും 24 ന്യൂസ് എം.ഡിയുമായ ശ്രീകണ്ഠൻ നായർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതിനെ തുടർന്ന് കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് കേസ് സൈബർ പോലീസിന് കൈമാറി.
English summary:
Forgery, breach of trust; Case against Reporter channel owner in BARC rating manipulation; BARC official is the first accused.