
മലപ്പുറം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘനടയായ വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും സഹകരണം ഉണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം എല്‍ഡിഎഫ് യുഡിഎഫിനെതിരെ പ്രചാരണായുധമാക്കുന്നതിനിടെയാണ് ശിഹാബ് തങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സംസ്ഥാന തലത്തില്‍ ഔദ്യോഗിതമായ ധാരണയോ സഹകരണമോ നിലവിലില്ല. മറിച്ച് ചില പഞ്ചായത്തുകളിലും മുന്‍സിപാലിറ്റികളിലും പ്രാദേശിക, വിഷയാധിഷ്ഠിത ക്രമീകരണങ്ങളാണുള്ളതെന്നാണ് സാദിഖ് അലി തങ്ങളുടെ വിശദീകരണം.
യുഡിഎഫിനെ കുറ്റപ്പെടുത്തുന്ന എല്‍ഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പല സ്ഥലങ്ങളിലും സഹകരിക്കുന്നുണ്ടെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറയുന്നു. യുഡിഎഫിനോട് സഹകരിക്കുന്നത് പോലെ വെല്‍ഫെയര്‍ പാര്‍ട്ടി എല്‍ഡിഎഫിനോടും സഹകരിക്കുന്നു. എന്നാല്‍ അത് രഹസ്യമായി സൂക്ഷിക്കുന്നു എന്നതാണ് വ്യത്യാസം സാദിഖ് അലി തങ്ങള്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടമാകും. തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാത്തെ വികസന പ്രവര്‍ത്തനങ്ങളെ എറ്റവും അടിത്തട്ടില്‍ വിശകലനം ചെയ്യുന്ന ഒന്നാണ്. പിണറായി സര്‍ക്കാരിന്റെ കീഴില്‍ കേരളം നേരിടുന്ന വികസനത്തിലെ മുരടിപ്പ് ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലമ്പൂര്‍ മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറയുന്നു. പി വി അന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തണം എന്നാണ് ലീഗ് നേരത്തെ മുതല്‍ സ്വീകരിച്ച നിലപാട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുശേഷം, രാഷ്ട്രീയ സാഹചര്യം മാറി, യുഡിഎഫിന് അനുകൂലമായി ഉറച്ച നിലപാടാണ് അന്‍വര്‍ സ്വീകരിച്ചുവരുന്നത്. നവംബര്‍ 24 ഓടെ കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ ഈ വിഷയത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്നും സാദിഖ് അലി തങ്ങള്‍ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫും മുസ്ലീം ലീഗും സജ്ജമാണ്. സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന്റെ ആദ്യ ഘട്ടം ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. നാമനിര്‍ദ്ദേശ, സൂക്ഷ്മപരിശോധന പ്രക്രിയകള്‍ പൂര്‍ത്തിയായതോടെ, തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാണ്. സ്ഥാനാര്‍ഥികള്‍ ഊര്‍ജ്ജസ്വലരായി തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായുണ്ടായ സീറ്റ് തര്‍ക്കങ്ങള്‍ സ്വാഭാവികം മാത്രമാണ്. മുന്നണി സംവിധാനത്തില്‍ ചര്‍ച്ചകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകഴിഞ്ഞു. ഇപ്പോള്‍, യു ഡി എഫ് പൂര്‍ണ്ണ ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നും സാദിഖ് അലി തങ്ങള്‍ പറയുന്നു.