
ന്യൂഡൽഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ മഹവിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സഖ്യത്തെ വിജയിപ്പിച്ച ബിഹാറിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുന്നതാണ് ജനവിധിയെന്ന് മോദി എക്സിൽ കുറിച്ചു.
വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിത്. സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയാണ് ജനത്തിന്റെ വോട്ടെന്നും പ്രധനമന്ത്രി കുറിച്ചു. നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എൻ ഡി എ സഖ്യകക്ഷികൾക്കും മോദി അഭിനന്ദനങ്ങൾ അറിയിച്ചു.
എൻഡിഎയുടെ സേവനത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണ് ബിഹാറിലെ വിജയമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. ബിഹാറിലെ വികസനം, സ്ത്രീസുരക്ഷ, സദ്ഭരണം എന്നിവയ്ക്കുള്ള ജനങ്ങളുടെ അംഗീകാരമാണിത്. വികസിത ബിഹാർ എന്ന ദൃഢനിശ്ചയത്തിനുവേണ്ടിയുള്ള ജനവിധിയാണിത്. വോട്ടുബാങ്കുകൾക്ക് വേണ്ടി വോട്ടർപട്ടികയിലെ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നവർക്ക് ജനങ്ങൾ നൽകിയ മറുപടിയാണിതെന്നും അമിത് ഷാ കുറിച്ചു