
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ മഹാവിജയം എൻഡിഎ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വലിയ ആഘോഷമാക്കി മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത ആഘോഷത്തിൽ ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ പ്രവർത്തകരെ അഭിസംബോധന ചെയ്തു.
അക്ഷീണം പ്രയത്നിച്ച എല്ലാ പ്രവർത്തകർക്കും നന്ദി അറിയിച്ച നദ്ദ, ഈ വിജയം ഒരു 'ട്രെൻഡ് അല്ല, സുനാമി' യാണെന്ന് വിശേഷിപ്പിച്ചു. രാജ്യത്തെ ജനങ്ങളും ബിഹാറിലെ ജനങ്ങളും പ്രധാനമന്ത്രി മോദിയിൽ അചഞ്ചലമായ വിശ്വാസം അർപ്പിച്ചു. 'ജംഗിൾ രാജിന്' (മോശം ഭരണത്തിന്) പകരം ജനം വികസനത്തെയാണ് പുൽകിയതെന്നും, ജംഗിൾ രാജിന് നോ എൻട്രി എന്ന സന്ദേശമാണ് ബിഹാർ നൽകിയതെന്നും നദ്ദ പറഞ്ഞു. 2024-ലെ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് കുറവ് സീറ്റുകൾ ലഭിച്ചതിൽ ജനങ്ങൾക്ക് നിരാശയുണ്ടായിരുന്നുവെന്നും, അതിനുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ജനം അചഞ്ചലമായ പിന്തുണ നൽകാൻ തീരുമാനിച്ചു എന്നും നദ്ദ കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന് കനത്ത മറുപടി നൽകിയ ജനങ്ങൾ, രാജ്യതാത്പര്യത്തിന് ഒപ്പമാണ് തങ്ങളെന്ന് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ ജനങ്ങൾ സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും തേടുമെന്നും സ്ത്രീകളെയും യുവാക്കളെയും മുന്നോട്ട് കൊണ്ടുവരാനുള്ള അവസരങ്ങൾ ഉറപ്പാക്കുമെന്നും മോദി വ്യക്തമാക്കി. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും എൻഡിഎ സഖ്യകക്ഷി നേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. എസ്ഐആറിനെതിരായ പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണങ്ങളെ ജനം തള്ളിക്കളഞ്ഞെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. ശുദ്ധീകരിച്ച വോട്ടർപട്ടിക അനിവാര്യമാണെന്ന സന്ദേശമാണ് ഈ ഫലം നൽകുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെയാണ് ബിജെപി വിജയിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, സംസ്ഥാന ഭരണം ദുരുപയോഗം ചെയ്താണ് എൻഡിഎ വിജയിച്ചതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിമർശിച്ചു.
English summary:
NDA Celebrates Bihar Victory; J.P. Nadda Calls it a 'Tsunami' and Declares 'No Entry for Jungle Raj'