
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐ വിട്ടു. സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്ന് ആരോപിച്ചാണ് അൻസിയ പാർട്ടിയുമായി പിരിഞ്ഞത്.
പാർട്ടി നൽകിയ അവസരങ്ങളിൽ താൻ മികച്ച രീതിയിൽ പ്രവർത്തിച്ചു എന്നും, അഞ്ച് വർഷം മേയറോടൊപ്പം ചേർന്ന് കോർപ്പറേഷനിൽ പ്രവർത്തിച്ചെന്നും അവർ പറഞ്ഞു. താൻ മത്സരിച്ച മട്ടാഞ്ചേരി ഡിവിഷൻ ലീഗ് ജയിച്ചിരുന്ന സീറ്റായിരുന്നുവെന്നും, താൻ സ്ഥാനാർഥിയായ ശേഷമാണ് സിപിഐക്ക് അവിടെ വിജയിക്കാൻ സാധിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ വാർഡ് വിഭജനത്തിൽ ആറാം ഡിവിഷനാണ് സിപിഐക്ക് ലഭിച്ചത്. തനിക്ക് മത്സരിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ രണ്ട് പേരുടെ പേരുകൾ നിർദേശിച്ചിരുന്നെങ്കിലും, അവരെ പരിഗണിക്കാതെ ആരുടെയും പിന്തുണയില്ലാത്ത ഒരാളെ സ്ഥാനാർഥിയാക്കിയതാണ് രാജിക്ക് കാരണം. മഹിളാ സംഘത്തിൽ പ്രവർത്തിക്കാത്ത വ്യക്തിയെയാണ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തതെന്നും അൻസിയ ആരോപിച്ചു.
കൂടിയാലോചനകളില്ലാതെ നടത്തിയ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടിയിൽ നിന്നും രാജി വെക്കുന്നതെന്ന് അൻസിയ വ്യക്തമാക്കി. നിലവിൽ മുന്നണി മാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും, എന്നാൽ പാർട്ടി വ്യക്തികളിലേക്ക് ചുരുങ്ങിപ്പോവുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. രാജി വിവരം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.എ. അൻസിയ കൂട്ടിച്ചേർത്തു.
English summary:
Kochi Corporation Deputy Mayor Quits CPI Alleging Lack of Consultation in Candidate Selection