
കൊച്ചി: സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്‌ഐആറില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വിജി അരുണ്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
തദ്ദേശതെരഞ്ഞെടുപ്പ് നടപടികളും എസ്‌ഐആര്‍ നടപടികളും ഒന്നിച്ച് നടത്തുമ്പോള്‍ ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ എസ്‌ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഉദ്യോഗസ്ഥ ക്ഷാമം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.