
തിരുവനന്തപുരത്ത് നിന്ന് പഠനത്തിനായി മാന്നാറിലെത്തിയ ഒരു യുവാവിന്റെ മാതൃകാപരമായ ജീവിതത്തിന് കയ്യടിക്കുകയാണ് നാട്ടുകാർ. പരുമല ദേവസ്വം ബോർഡ് പമ്പാകോളജിലെ ഒന്നാം വർഷ ബി.എ. ഇംഗ്ലിഷ് വിത്ത് മീഡിയ ആൻഡ് ഫിലിം സ്റ്റഡീസ് വിദ്യാർത്ഥിയായ ശബരിയാണ് ഈ 'ഇരട്ട' ജീവിതത്തിലൂടെ അതിജീവനം സാധ്യമാക്കുന്നത്. പകൽ കോളജ് വിദ്യാർഥിയായും രാത്രിയിൽ മാന്നാർ പരുമലക്കടവിലെ അമ്പിളി ടെക്സ്റ്റൈൽസിലെ തൊഴിലാളിയായും പ്രവർത്തിച്ച്, ഭക്ഷണത്തിനും പഠനത്തിനുമുള്ള ചിലവുകൾ സ്വന്തമായി കണ്ടെത്തുകയാണ് ഈ പതിനെട്ടുകാരൻ.
ജോലിക്കിടയിലും കവിതാരചന മുന്നോട്ട് കൊണ്ടുപോകുന്ന ശബരിക്ക് കവിത കേവലം ഒരു നേരമ്പോക്കല്ല, അത് അതിജീവനത്തിന്റെയും മാനസികോല്ലാസത്തിന്റെയും പച്ചത്തുരുത്താണ്. ഇൻസ്റ്റാഗ്രാമിൽ 'ശബരി ബ്ലൂ' എന്ന തൂലികാ നാമത്തിൽ എഴുതിയ കവിതകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. സാഹിത്യത്തിലെ വിഷാദത്തിന്റെ നിറമായ 'ബ്ലൂ' പേരിനൊപ്പം ചേർത്താണ് ഈ പേര് സ്വീകരിച്ചത്. എട്ട് ആൽബങ്ങൾ പൂർത്തിയാക്കിയ ശബരി, ഏഴാമത്തെയും എട്ടാമത്തെയും ആൽബങ്ങളിലെ കവിതകൾ ചേർത്ത് 'വാട്ട് ആം ഐ മേയ്ഡ് ഓഫ്?' എന്ന പേരിൽ കവിതാസമാഹാരം പുസ്തകമാക്കിയും പ്രസിദ്ധീകരിച്ചു. ഡിഗ്രി പഠനത്തോടൊപ്പം ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന ഈ യുവകവി, രണ്ടാമത്തെ കവിതാസമാഹാരം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ്.
വീട്ടിൽ നിന്ന് 125 കിലോമീറ്റർ അകലെ പഠിക്കണമെന്ന ആഗ്രഹത്തോടെ എത്തിയ ശബരിക്ക്, സ്വന്തമായി വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് തുണിക്കടയിൽ ജോലിക്ക് കയറിയത്. സ്ഥാപന ഉടമകളായ അനിൽ എസ് അമ്പിളിയും മകൻ അമൽ അമ്പിളിയും അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകുന്നുണ്ട്. കോളജ് പ്രിൻസിപ്പൽ, അധ്യാപകർ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവരുടെ പ്രോത്സാഹനവും ഈ യുവകവിക്ക് കരുത്തേകുന്നു.
English Summary:
The life story of the young poet 'Shabari Blue', a first-year college student who works in a textile shop at night for survival, receives huge applause.