
തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസി ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിങ് റവന്യു ) സ്വന്തമാക്കി. ഇന്നലെയാണ് (06.10.2025) കെഎസ്ആർടിസി രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.41 കോടി രൂപ നേടിയത്.
2025 സെപ്റ്റംബർ എട്ടാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി കെഎസ്ആർടിസി നേടിയത്. അതിന് ശേഷമുള്ള രണ്ടാമത്തെ ടിക്കറ്റ് വരുമാനമാണ് ആറാം തീയതി നേടിയത്.
ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്. ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായി.