
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒന്‍പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നെന്ന് പരാതി. പാലക്കാട് പല്ലശന സ്വദേശിനി വിനോദിനി എന്ന കുട്ടിക്കാണ് ദുരവസ്ഥ ഉണ്ടായത്. കുട്ടിയുടെ വലതുകൈ ആണ് നഷ്ടമായത്. കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ഇവിടെവെച്ച് കൈ മുറിച്ചുമാറ്റുകയുമായിരുന്നു.
സെപ്റ്റംബര്‍ 24-ന് വൈകീട്ട് വീട്ടില്‍ കളിക്കുന്നതിനിടെയാണ് വിനോദിനിക്ക് വീണ് കൈയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് കുടുംബം കുട്ടിയെ ആദ്യം ചിറ്റൂര്‍ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. കുട്ടിയുടെ കൈയില്‍ മുറിവും കൈയ്ക്ക് പൊട്ടലും ഉണ്ടായിരുന്നു. തുടര്‍ന്ന് മുറിവില്‍ മരുന്നുകെട്ടി അതിനുമേലെ പ്ലാസ്റ്ററിട്ടെന്നാണ് കുടുംബത്തിന്റെ പരാതി. കുട്ടിക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല. പിന്നീട് വേദന സഹിക്കാനാവാതെ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്ലാസ്റ്റര്‍ അഴിച്ച് പരിശോധിച്ചു. ഇതോടെയാണ് കൈയിലെ മുറിവ് പഴുത്ത് വല്ലാത്ത അവസ്ഥയിലായതെന്ന് കണ്ടതെന്നും പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതെന്നും കുടുംബം പറഞ്ഞു.