Image

നേരിട്ടറിയാവുന്ന പലകാര്യങ്ങളും ഇതുവരെ പറഞ്ഞിട്ടില്ല, ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്നു പറയേണ്ടി വരും ; റിനി ആൻ ജോർജ്

Published on 03 October, 2025
നേരിട്ടറിയാവുന്ന പലകാര്യങ്ങളും ഇതുവരെ പറഞ്ഞിട്ടില്ല, ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്നു പറയേണ്ടി വരും ; റിനി ആൻ ജോർജ്

ഒരു രാഷ്ട്രീയ പാർട്ടിയിലും താന്‍  അംഗമല്ലെന്നും സ്ത്രീപക്ഷ നിലപാട് ആര് പറഞ്ഞാലും യോജിക്കുമെന്നും യുവനടി  റിനി ആൻ ജോർജ് . സിപിഎം നേതാവ് കെജെ ഷൈനിനെതിരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിൽ പങ്കെടുത്തതിൽ പ്രതികരിക്കുകയായിരുന്നു റിനി ആൻ ജോർജ്.

സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപത്തിന് എതിരെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന പരിപാടി. സ്ത്രീപക്ഷ നിലപാട് ഉള്ളത് കൊണ്ടാണ് സിപിഎം പരിപാടിയിൽ പങ്കെടുത്തത്. കെ ജെ ഷൈനിന് ഐക്യദാർഢ്യം ആയിരുന്നില്ലെന്നും ഇനിയും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റിനി കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മുമായി ഗൂഢാലോചന നടത്തി എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ആരോപണം ഉന്നയിക്കുന്നവരെ തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. ആരോപണം തെളിയിച്ചാൽ ജീവിതം തന്നെ അവസാനിപ്പിക്കുമെന്നും റിനി ആൻ ജോർജ് പറഞ്ഞു. തനിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാണ്. വിമർശനം ഉന്നയിക്കുന്നവരെ മുഴുവൻ സിപിഎം ആക്കുകയാണെന്നും റിനി പറഞ്ഞു.

പ്രസ്ഥാനത്തെ സ്നേഹിക്കുന്നത് കൊണ്ടാണ് പലതും തുറന്ന് പറയാത്തത്. നേരിട്ടറിയുന്ന പലകാര്യങ്ങളും ഇതുവരെ പറഞ്ഞിട്ടില്ല. ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്നു പറയേണ്ടി വരുമെന്നും അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കി. സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യാൻ കെ ജെ ഷൈനിന് സ്വാതന്ത്ര്യമുണ്ട്. അതിൽ തീരുമാനം എടുക്കേണ്ടത് താൻ ആണ്. ഭാവിയിൽ സിപിഎമ്മിൽ ചേരുമോ എന്ന ചോദ്യം സങ്കല്പികം മാത്രമാണെന്നും റിനി ആൻ ജോർജ് കൂട്ടിച്ചേര്‍ത്തു.

പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിലാണ് റിനി പങ്കെടുത്തത്. റിനിയെ സിപിഎമ്മിലേക്ക് കെജെ ഷൈൻ സ്വാഗതം ചെയ്തു. സ്ത്രീകളെ സ്മാർത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെജെ ഷൈൻ വിമർശിച്ചു.

നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് റിനി പ്രതിഷേധ കൂട്ടായ്മയുടെ വേദിയിലും ആവർത്തിച്ചത്


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക