Image

മാഞ്ഞുപോയ പ്രസാദം;അറ്റ്‌ലസ് രാമചന്ദ്രൻ : വിനോദ് കട്ടച്ചിറ

Published on 03 October, 2025
മാഞ്ഞുപോയ പ്രസാദം;അറ്റ്‌ലസ് രാമചന്ദ്രൻ : വിനോദ് കട്ടച്ചിറ

"ജനകോടികളുടെ വിശ്വസ്തസ്ഥാപനം" 
എന്നൊരു വാചകംമാത്രം മതിയാവും മലയാളികൾക്കിടയിൽ എക്കാലവും അറ്റ്ലസ് രാമചന്ദ്രനെന്ന പേര് ഓർത്തിരിക്കാൻ. പരസ്യവാചകംപോലെ വിശ്വസ്തനായിരുന്ന കോടികളുടെ ബിസ്സിനസ് സാമ്രാജ്യമുണ്ടായിരുന്ന ഒരാൾ ഒരു സുപ്രഭാതത്തിൽ എല്ലാംനഷ്ടപ്പെട്ടു ജയിലിലാവുന്നൊരവസ്ഥ, സിനിമാക്കഥയെയും വെല്ലുന്നതായിരുന്നു.

വൈശാലി,
ധനം,
സുകൃതം, തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങളുടെ നിർമ്മാതാവ്.
അഭിനേതാവ്, കലാസാംസ്കാരിക പ്രവർത്തകൻ തുടങ്ങി
മലയാളികൾക്കിടയിൽ അദ്ദേഹമൊരു വാത്സല്യ നിധിയായിരുന്നു.
മൂന്നുവർഷമാകുന്നു ആ സ്വരം
നിശ്ചലമായിട്ട്.

ഹൃദയവേദനയോടെയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ വിയോഗവാർത്ത
കേരളം ശ്രവിയ്ക്കേണ്ടിവന്നത്.
“മനുഷ്യൻ”എന്ന വാക്കിന്റെ അർത്ഥമായിരുന്നു രാമേട്ടൻ.
പരിധിയില്ലാത്ത സ്നേഹമായിരുന്നു, കരുതലായിരുന്നു രാമേട്ടൻ.
കൂടെ നിന്നവരെയെല്ലാം ഒരുപാട് വിശ്വസിച്ചുപോയൊരു പാവം.
അതിലുമേറെ സ്നേഹിച്ചിരുന്നു അവരെയൊക്കെ.
അവരൊരുക്കിവച്ചിരുന്ന വലിയ ചതിയിൽ വീണപ്പോഴും
സ്വയം കുറ്റമേറ്റെടുത്തു.അതേ.. സ്വയം എരിഞ്ഞടങ്ങുകയായിരുന്നല്ലോ..
സ്ഥാപനങ്ങളൊന്നാകെ അവർ കാർന്നു തിന്നപ്പോഴും
അങ്ങയിലെ മനസ്സ് ക്ഷോഭിച്ചില്ല.
അത്രമേലങ്ങ് സൗമ്യനും ശാന്തനുമായിപ്പോയി രാമേട്ടൻ. ജനകോടികളുടെ
വിശ്വസ്ത സ്ഥാപനം തന്നെയായിരുന്നു അറ്റ്‌ലസ്.
പക്‌ഷേ, സ്ഥാപനത്തിൽ അങ്ങയുടെ ജോലിക്കാരാരും വിശ്വസ്തരല്ലായിരുന്നുവെന്നതുമാത്രം
അങ്ങേയ്ക്ക് മനസ്സിലാകാതെ പോയി.
ഭൂമിയിൽ നിന്നു മാത്രമാണ് അങ്ങയുടെ മടക്കം.
ജനകോടികളുടെ ഹൃദയത്തിലെന്നും അങ്ങയ്ക്കൊരുയർന്ന സ്ഥാനം
ലോകമുള്ളിടത്തോളമുണ്ടാകും.
കളങ്കമില്ലാത്തൊരു നല്ല മനുഷ്യന്റെസ്ഥാനം.
ചതിച്ചുനേടിയവരുടെ നിറഞ്ഞ ചിരി താൽക്കാലികമാണ്.
അവർക്ക് ഒരുപാട് അനുഭവിക്കേണ്ടിയിരിക്കുന്നു.
അത് അകലെയെവിടെ നിന്നെങ്കിലും അങ്ങേയ്ക്ക് കാണാനാവും.
അപ്പോഴും രാമേട്ടൻ ചിരിയ്ക്കില്ലയെന്നറിയാം.
കാരണം അവർ വേദനിക്കരുതല്ലോ
എന്നല്ലേ അങ്ങ് ചിന്തിക്കുകയുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക