Image

ആലപ്പുഴയിൽ പനിബാധിച്ച് 9 വയസുകാരി മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം

രഞ്ജിനി രാമചന്ദ്രൻ Published on 12 April, 2025
ആലപ്പുഴയിൽ പനിബാധിച്ച് 9 വയസുകാരി മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം

ആലപ്പുഴ കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് ചികിത്സ തേടിയ 9 വയസുകാരി മരിച്ചു. കണ്ണമ്പള്ളി സ്വദേശി അജിത്ത് ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കായംകുളം എബ്‌നൈസർ ആശുപത്രിക്കെതിരെയാണ് ആരോപണം.

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിലക്ഷ്മി പലതവണ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ 10-ാം തീയതി ആണ് കുട്ടിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ശരീരവേദനയും വയറുവേദനയും ഉണ്ടായിരുന്നു. പനി മുർച്ഛിച്ചതോടെ ഇന്ന് രാവിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരിച്ചത്. കുഞ്ഞിന് പനി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന വിവരം ആശുപത്രി അധികൃതർ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടക്കുകയാണ്. തുടർന്ന് വണ്ടാനം മെ‍ഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും. തുടർന്ന് മാത്രമേ മരണകാരണം വ്യക്തമാകൂ. കുട്ടിയുടെ മരണത്തിൽ കുടുംബം ആരോ​ഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകുമെന്ന് വ്യക്തമാക്കി. കായംകുളം ഗവൺമെൻറ് എൽ പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിലക്ഷ്മി.

 

 

English summery:

9-year-old girl dies of fever in Alappuzha; Private hospital accused of medical negligence.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക