
ചെന്നൈ: 1995-ൽ, ബാഷയുടെ നൂറാം ദിനാഘോഷ വേളയിൽ , നടൻ രജനീകാന്ത് എ.ഐ.എ.ഡി.എം.കെയുടെ ക്രമസമാധാന നില തകർന്നതിനെ വിമർശിച്ച് ഒരു പ്രസ്താവന നടത്തി. പ്രസംഗത്തിൽ പേരുകളൊന്നുമില്ലായിരുന്നെങ്കിലും, അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ ആക്രമണമായി ഇത് കണക്കാക്കപ്പെട്ടു, ഇത് മന്ത്രിയും സിനിമയുടെ നിർമ്മാതാവുമായ ആർ.എം. വീരപ്പന് (ആർ.എം.വി) പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. ഇപ്പോഴിതാ, ആർ.എം. വീരപ്പനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ, രജനീകാന്ത് ആ ധീരമായ പ്രസ്താവനയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ്.
വേദിയിൽ ഒരു മന്ത്രിയുണ്ടെന്നതോർക്കാതെ സർക്കാരിനെതിരെ പറഞ്ഞുപോയി. അതേക്കുറിച്ച് അന്ന് വ്യക്തതയുണ്ടായിരുന്നില്ല. സർക്കാരിനെതിരായ പ്രസംഗത്തെ എതിർക്കാത്തതിനാൽ അന്ന് എഐഎഡിഎംകെ മന്ത്രിയായിരുന്ന ആർഎംവിയെ ജയലളിത മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയെന്നും രജനീകാന്ത് പറഞ്ഞു. “ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആർഎംവിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ അദ്ദേഹത്തെ വിളിച്ച് സംഭവത്തിന് ക്ഷമ ചോദിച്ചു. പക്ഷേ മന്ത്രി ആ കാര്യം തള്ളിക്കളയുകയും ആ സംഭവത്തേക്കുറിച്ച്, മറന്നേക്കാനും പറഞ്ഞു. പകരം സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ച് ചോദിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പെരുമാറി.
ഈ സംഭവം എന്റെയുള്ളിൽ ഒരു മുറിവായി മാറി.” രജനീകാന്ത് പറഞ്ഞു, “ആ മുറിവ് ഒരിക്കലും ഉണങ്ങില്ല. കാരണം വേദിയിൽ അവസാനം സംസാരിച്ച വ്യക്തി ഞാനായിരുന്നു. അതിനുശേഷം അതിനോട് പ്രതികരിക്കാൻ ആർഎംവിക്ക് കഴിയുമായിരുന്നില്ല. മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോൾ അവർ സ്വന്തം തീരുമാനത്തിൽനിന്ന് പിന്മാറില്ലെന്ന് ആർഎംവി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ പേര് കളഞ്ഞുകുളിക്കരുതെന്നും ആർഎംവി ആവശ്യപ്പെട്ടു. അതുകൊണ്ടൊക്കെയാണ് അദ്ദേഹം ഒരു മികച്ച മനുഷ്യനും യഥാർത്ഥ കിംഗ് മേക്കറും ആയത്. ” രജനീകാന്ത് കൂട്ടിച്ചേർത്തു.
English summery:
Jayalalithaa Controversial Speech: Rajinikanth Breaks 30 Years of Silence; Makes Crucial Revelation