
കോഴിക്കോട്ട് ഒരേ കളര്‍ ഷര്‍ട്ട് വാങ്ങിയതിനെ ചൊല്ലി യുവാക്കള്‍ ഏറ്റുമുട്ടി. നാദാപുരം കല്ലാച്ചിയില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
തിങ്കളാഴ്ച രാത്രി തുണിക്കടയിലെത്തിയ രണ്ട് യുവാക്കളും ഒരേ കളറിലുള്ള ഷര്‍ട്ടാണ് വാങ്ങിയത്. ഇതേച്ചൊല്ലി കടയ്ക്കുള്ളില്‍ വച്ച് ഇരുവരും വഴക്കിടുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും പുറത്തിറങ്ങിയും തമ്മില്‍ത്തല്ലിയതോടെ വിവരമറിഞ്ഞ് കൂടുതല്‍ ആളുകളെത്തി സംഘര്‍ഷാവസ്ഥ ഉണ്ടാകുകയായിരുന്നു.
വിവരമറിഞ്ഞ് നാദാപുരം പോലീസും സ്ഥലത്തെത്തി. ഇതോടെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. ഇരു സംഘങ്ങളും തമ്മില്‍ മുമ്പുണ്ടായിരുന്ന വഴക്കിന്റെ തുടര്‍ച്ചയായാണ് തുണിക്കടയില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. വരുംദിവസങ്ങളിലും തുടര്‍സംഘര്‍ഷമുണ്ടായേക്കാം എന്ന സൂചനയെത്തുടര്‍ന്ന് പ്രദേശത്ത് ശക്തമായ പൊലീസ് സാന്നിദ്ധ്യമുണ്ട്.