
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സൈന്യത്തില്‍ ജോലി ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി മരവിപ്പിച്ച് ഫെഡറല്‍ കോടതി. എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന യുഎസ് സ്വാതന്ത്രപ്രഖ്യാപനം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ എടുത്ത തീരുമാനത്തിന് വമ്പന്‍ തിരിച്ചടിയാണ് ട്രംപ് നേരിട്ടിരിക്കുന്നത്.
ട്രാന്‍സ് വ്യക്തികളെ സൈന്യത്തില്‍ നിന്നും പുറത്താക്കാനുള്ള ട്രംപിന്റെ തീരുമാനം ഭരണഘടന നല്‍കുന്ന സംരക്ഷണത്തെ ലംഘിക്കാന്‍ സാധ്യതയുണ്ടെന്ന് ജഡ്ജായ അന്ന റെയ്‌സ് വ്യക്തമാക്കി. ഈ വിഷയം ചൂടേറിയ ചര്‍ച്ചകള്‍ക്കും, അപ്പീലുകള്‍ക്കും വഴിവച്ചേക്കുമെന്ന് കോടതിക്ക് അറിയാമെന്നും ജഡ്ജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സൈന്യത്തില്‍ നിന്നും ട്രാന്‍സ് വ്യക്തികളെ പിരിച്ചുവിടാനുള്ള നടപടികള്‍ യുഎസ് ആരംഭിച്ചിരുന്നു. പിരിച്ചുവിടാതിരിക്കണമെങ്കില്‍ മൂന്ന് വര്‍ഷം ലിംഗപരമായ സ്ഥിരത പുലര്‍ത്തണമെന്നായിരുന്നു നിര്‍ദ്ദേശം. സൈന്യത്തില്‍ ഏകദേശം 15,000 ട്രാന്‍സ് വ്യക്തികള്‍ ഉണ്ടെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ അത്രത്തോളം വരില്ലെന്നാണ് ഭരണകൂടത്തിന്റെ വാദം.