
ആലപ്പുഴയിലെ കുമാരപുരത്ത് വീട്ടില്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെത്തി. കായല്‍വാരത്തെ കിഷോറിന്റെ വീട്ടില്‍ നിന്നാണ് അമേരിക്കന്‍ നിര്‍മിത പിസ്റ്റള്‍, 53 വെടിയുണ്ട, 2 വാള്‍, മഴു, സ്റ്റീല്‍ പൈപ്പ് തുടങ്ങിയ മാരകായുധങ്ങള്‍ എന്നിവ പൊലീസ് കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിഷോര്‍.
2017-ല്‍ കാണാതായ ഹരിപ്പാട് കമലാറ്റൂര്‍ സ്വദേശി രാകേഷിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട തിരച്ചിലിലാണ് വന്‍ ആയുധ ശേഖരം പൊലീസ് കണ്ടെത്തിയത്. രാകേഷിന്റെ മാതാവ് രമ ഹരിപ്പാട് മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം. തന്റെ മകനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്നാണ് ഹരജിയില്‍ പറയുന്നത്. നേരത്തേ മിസ്സിങ് കേസായാണ് പോലീസ് ഇത് പരിഗണിച്ചിരുന്നത്.
തുടര്‍ന്ന് ഈ ഹരജിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കിഷോര്‍ ഉള്‍പ്പെടെയുള്ള ഏഴ് പേരുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഇതിലാണ് കിഷോറിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ കിഷോര്‍ വീട്ടിലുണ്ടായിരുന്നില്ല.
അമരിക്കന്‍ നിര്‍മിത പിസ്റ്റള്‍ കുക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വിറകിനുള്ളില്‍ നിന്നാണ് മറ്റു ആയുധങ്ങള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.