
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രചാരുതയെ വീണ്ടും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയിൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിക്കും സ്വീകാര്യനായ നേതാവായി മാറാൻ നരേന്ദ്ര മോദിക്കു കഴിഞ്ഞുവെന്ന് തരൂർ പറഞ്ഞു. ഇരുവിഭാഗങ്ങൾക്കും അംഗീകരിക്കാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ-യുക്രെയിൻ യുദ്ധസമയത്ത് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ താൻ പാർലമെന്റിൽ വിമർശിച്ചിരുന്നെങ്കിലും, ഇപ്പോൾ തന്റെ അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായെന്ന് തരൂർ പറഞ്ഞു. ഡൽഹിയിൽ നടന്ന,’റായ്‌സിന ഡയലോഗിൽ’ സംസാരിക്കുകയായിരുന്നു തരൂർ. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താൻ എതിർത്തത് അബദ്ധമായെന്നും തരൂർ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ പിന്തുണച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞത് വെറുതെയാവില്ലെന്നും ശുഭമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു തരൂർ വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. അനധികൃത കുടിയേറ്റക്കാരുടെ കാലിൽ ചങ്ങലയുമിട്ട് അയക്കുന്നത് ശരിയല്ലെന്ന് മോദി കൂടിക്കാഴ്ചയിൽ പറഞ്ഞിട്ടുണ്ടാകുമെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു.വ്യവസായമേഖലയിൽ കേരളം കൈവരിച്ച നേട്ടത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ ലേഖനവും വലിയ വിവാദമായിരുന്നു.
English summery:
Modi's approach is the right policy, a leader acceptable to both Russia and Ukraine; praise from Tharoor.