Image

രാജ്യത്ത് ഇന്ന് ഡോക്ടർമാരുടെ പണിമുടക്ക് ; അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്നും ഒഴിവാക്കി

Published on 17 August, 2024
രാജ്യത്ത് ഇന്ന് ഡോക്ടർമാരുടെ പണിമുടക്ക് ; അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്നും ഒഴിവാക്കി

കൊച്ചി: കൊൽക്കത്തയിലെ മെഡിക്കൽ കോളേജിൽ വനിത ഡോക്ടറെ ബലാൽസംഘം ചെയ്തു കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ഡോക്ടർമാർ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. 24 മണിക്കൂർ നേരത്തേക്ക് സമരം പ്രഖ്യാപിച്ചത്. ഉരുൾപൊട്ടൽ ദുരന്തം നടന്ന വയനാടിനെ സമരത്തിൽനിന്നു ഒഴിവാക്കി. MBBS ഡോക്ടർമാരുടെ സംഘടനയായ IMA ആണ് സമരത്തിന് ആഹ്വാനം ചെയ്തത്.

IMA യുടെ കേരള ഘടകവും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവനും സെക്രട്ടറി ഡോ: കെ.ശശിധരനും അറിയിച്ചു. ഒ.പി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തുടങ്ങിയവ മുടങ്ങും. അടിയന്തര സര്‍വിസുകളും അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കും.

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന കെ.ജി.എം.ഒ.എയും അറിയിച്ചു. അത്യാഹിത, അടിയന്തിര സേവനങ്ങളെ ബാധിക്കാത്ത വിധത്തില്‍ കെ.ജി.എം.ഒ.എ പ്രതിഷേധത്തില്‍ പങ്ക് ചേരും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ പ്രതിഷേധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കെ.ജി.എം.ഒ.എ ഭാരവാഹികളായ ഡോ. ടി.എന്‍ സുരേഷ്, ഡോ.പി.കെ സുനില്‍ എന്നിവര്‍ അറിയിച്ചു.

സമരത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയും പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അവശ്യ സര്‍വിസുകള്‍ ഒഴികെ ഒ.പി ഉള്‍പ്പെടെയുള്ള മറ്റ് ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്നും, ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കെ.ജി.എം.സി.ടി.എ അഭ്യര്‍ത്ഥിച്ചു.

കേരളത്തിൽ ഇന്നലെയും ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒ.പി വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക