Image

കാപ്പിയുടിച്ചാ ...? (മൊഴിച്ചന്തം : എസ്. ബിനുരാജ്)

എസ്. ബിനുരാജ് Published on 25 September, 2023
കാപ്പിയുടിച്ചാ ...? (മൊഴിച്ചന്തം : എസ്. ബിനുരാജ്)
 
 
നെയ്മർ എന്ന മലയാള ചിത്രത്തിൻ്റെ കഥ നടക്കുന്നത് കോതമംഗലം, പെരുമ്പാവൂർ പ്രദേശത്ത് എവിടെയോ ആണ്. ഇതിൽ മണിയൻപിള്ള രാജു അവതരിപ്പിക്കുന്ന കഥാപാത്രം "കാപ്പിയുടിച്ചാ" എന്നൊരു കുശലം ചോദിക്കുന്നുണ്ട്. അത് തികച്ചും ഒരു തിരുവനന്തപുരം പ്രയോഗമാണ്. കാപ്പി കുടിച്ചോ എന്നാണ് ചോദ്യം. അതായത് breakfast കഴിച്ചോ എന്നാണ്. തൻ്റെ കഥാപാത്രം എറണാകുളം ജില്ലയിൽ നിന്നുള്ളതാണ് എന്നത് ഒരു വേള മറന്നിട്ട് രാജുവിൻ്റെ ഉള്ളിലെ തിരുവനന്തപുരംകാരൻ അറിയാതെ പുറത്ത് വന്നതാവണം. 
 
 
മിന്നാരം എന്ന പടത്തിലും രാജു ഇത് പോലെ കാപ്പി കുടിക്കുന്ന കാര്യം പറയുന്നുണ്ട്. തിലകൻ്റെ വീട്ടിലെത്തുന്ന രാജു കോളിംഗ് ബെൽ അടിക്കുമ്പോൾ വരുന്നത് ശങ്കരാടി ആണ്. നല്ല പ്രായമുള്ള ശങ്കരാടിയേ "അണ്ണാ..."എന്ന തിരുവനന്തപുരം ശൈലിയിൽ ആണ് രാജു സംബോധന ചെയ്യുന്നത്. അന്നു വരെ ആരും അദ്ദേഹത്തെ അണ്ണാ എന്ന് വിളിച്ചിട്ടില്ല എന്ന് പ്രേക്ഷകന് തോന്നും വണ്ണം "അണ്ണനോ" എന്ന് ശങ്കരാടി അത്ഭുതം കൂറുന്നത് മറക്കാനാവില്ല. പിന്നീട് "അണ്ണാ എന്നു വിളിച്ച നാവു കൊണ്ട് വേറെ വല്ലതും വിളിപ്പിക്കല്ലു" എന്നും രാജുവിൻ്റെ മണികണ്ഠൻ എന്ന ഈ കഥാപാത്രം പറയുന്നുണ്ട്. 
 
എന്ത് വേണം എന്ന ശങ്കരാടി ചോദിക്കുമ്പോൾ "എനിക്കെൻ്റെ ഭാര്യയെ കാണണം, കാപ്പി കുടിക്കണം,  പോണം" എന്നാണ് രസകരമായ മറുപടി! 
 
കാപ്പി കുടിയുടെ ഒരു പ്രാധാന്യം നോക്കൂ. വിശാലമായ ഒരു പ്രാതൽ പഴയ തിരുവനന്തപുരം സംസ്കാരമാണ്. ഇന്നും നിങ്ങൾ രാവിലെ ഒരു പത്ത് മണിക്ക് മുമ്പേ ആണ് തിരുവനന്തപുരം ഭാഗത്ത് പ്രായമുള്ള ആരെങ്കിലും ഉള്ള വീട്ടിൽ  ചെല്ലുന്നത് എങ്കിൽ അവർ 'കാപ്പിയുടിച്ചാ"എന്ന് ചോദിക്കും. 
 
വീണ്ടും രാജുവിൻ്റെ മറ്റൊരു കഥാപാത്രത്തിലേക്ക് വരാം. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന പടത്തിൽ തൻ്റെ അമ്മാവനെ പോ.. കൂവാ എന്ന് ഇദ്ദേഹം സംബോധന ചെയ്യുന്നു. അത് ബഹുമാനക്കുറവുള്ള ഒരു സംബോധന ആയാണ് ഇപ്പൊൾ കണക്കാക്കപ്പെടുന്നത് എങ്കിലും അത് അങ്ങനെ അല്ല. കൂവാ എന്നത് പ്രായത്തിൽ മുതിർന്ന ഒരു പുരുഷനെ മറ്റൊരു പുരുഷൻ സംബോധന ചെയ്യുന്നത് ആണ്. ബന്ധുത്വം ഉണ്ടെങ്കിലും അത് അമ്മാവൻ ആണോ ജ്യേഷ്ഠൻ ആണോ വല്യച്ഛൻ ആണോ എന്നറിയാത്ത ഒരു ബന്ധത്തിൽ പെട്ട മുതിർന്ന ആളെ ആണ് കൂവാ എന്ന് സംബോധന ചെയ്യുന്നത്. 
 
എന്നാൽ ഈ പ്രയോഗം ഇപ്പോഴും ശരിയായ അർത്ഥത്തിൽ ഉപയോഗിച്ച് വരുന്നത് പണ്ട് തെക്കൻ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്നതും ഇപ്പൊൾ തമിഴ്നാട്ടിൽ പെട്ടു പോയതുമായ കൽക്കുളം, വിളവൻകോട് താലൂക്കുകളിൽ ആണ്. നെയ്യാറ്റിൻകരയിലെ ചില പ്രദേശങ്ങളിലും ഇത് ഉപയോഗത്തിൽ ഉണ്ടെന്ന് തോന്നുന്നു. തിരുവനന്തപുരം നഗരത്തിൽ എത്തുമ്പോൾ കൂവാ എന്നതിന് ഒരു ബഹുമാനക്കുറവു വരുന്നുണ്ട്. "ഇരുന്നു വാചകം അടിക്കാതെ എഴിച്ച് പോ കൂവേ.."  എന്നൊക്കെ പ്രായമായവരോട് നിർദാക്ഷിണ്യം പറയുന്നത് കേട്ടിട്ടുണ്ട്. ഇതിലെ കൂ ലോപിച്ച് ഊ..ആവും.
 
തമിഴിൻ്റെ സ്വാധീനം ഉള്ളതാണ് തെക്കൻ തിരുവിതാംകൂറിൻ്റെ സംസാര ഭാഷ എന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ. മഴവിൽക്കാവടി എന്ന പടത്തിലെ പ്രസിദ്ധമായ തങ്ക്ത്തോണി എന്ന പാട്ടിൽ "കരഗാട്ടം കാണാൻ എൻ അത്താനുണ്ടെ" എന്നൊരു വരിയുണ്ട്. കാമുകൻ എന്ന അർത്ഥത്തിലാണ് കൈതപ്രം ഈ വാക്ക് ഉപയോഗിച്ചത് എങ്കിലും
കന്യാകുമാരി ജില്ലയിലെ ചില മലയാളി/ തമിഴ് സമുദായങ്ങളിൽ പെട്ട സ്ത്രീകൾ അത്താൻ എന്ന് ഇപ്പോഴും ഭർത്താവിനെ സംബോധന ചെയ്യാറുണ്ട്. തിരുവനന്തപുരത്തിന് പുറത്തുള്ള ഒരു പ്രദേശത്തെ വെള്ളാള സമുദായത്തിൽ പെട്ട ഒരു യുവതി ഭർത്താവിനെ അത്താൻ എന്ന് വിളിക്കുന്നത് കേട്ടാണ് ഇതിൻ്റെ ചരിത്രം അന്വേഷിച്ചത്. തിരുനെൽവേലി, മധുര ഭാഗത്ത് നിന്നും തെക്കൻ തിരുവിതാംകൂറിലെത്തിയവരാണ് വെള്ളാളർ. അങ്ങനെ എത്തിയ പൂർവികർ ഈ പെൺകുട്ടിക്ക് കൈമാറിയ പ്രയോഗമാവാം അത്താൻ.
 
നൂറ്റാണ്ടുകൾ മുമ്പ് വേണാടിൻ്റെ ഭരണസിരാകേന്ദ്രമായ കൽക്കുളത്തേക്കും കന്യാകുമാരി ജില്ലയിലെ പല പ്രദേശങ്ങളിലേക്കും മലയാളികൾ കുടിയേറിയിട്ടുണ്ട്. തിരുനെൽവേലി,  മധുര പ്രദേശങ്ങളിൽ നിന്നും കന്യാകുമാരി ജില്ലയിലേക്കും കുടിയേറ്റം ഉണ്ടായി. 
അന്ന് കന്യാകുമാരിയിലെ ഭാഷ തമിഴ് ആയിരുന്നു. അങ്ങോട്ട് കുടിയേറിയ മലയാളിയുടെ ഭാഷയിലേക്ക് തമിഴും ഇങ്ങോട്ട് വന്ന തമിഴരുടെ മൊഴിയിലേക്ക് മലയാളവും കലരുന്നത് സ്വാഭാവികം. ഇത് ഒരു പുതിയ സങ്കര സംസാര ഭാഷയ്ക്ക് ജന്മം നൽകി. അങ്ങനെ തമിഴിൻ്റെയും മലയാളത്തിൻ്റെയും മൊഴിച്ചന്തം തികഞ്ഞതാണ് തെക്കൻ തിരുവിതാംകൂറിൻ്റെ നാട്ടുഭാഷ.
 
രാവിലെ കാണുമ്പോൾ കാപ്പി കുടിച്ചോ എന്ന ചോദ്യത്തിൽ നിന്നാണല്ലോ നമ്മൾ തുടങ്ങിയത്. അത് പോലെ തിരുവനന്തപുരത്തെ നാട്ടിൻപുറങ്ങളിലെ അടുപ്പമുള്ള സ്ത്രീകൾ തമ്മിൽ കാണുമ്പോൾ ഒരു ചോദ്യമുണ്ട്. അതിനെ കുറിച്ച് പിന്നെ എഴുതാം. എല്ലാം കൂടി പറയാൻ നിന്നാൽ അറുമ്പാതം ഇല്ല.
 
 
എസ്. ബിനുരാജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക