Image

മാത്യു കുഴല്‍നാടനെതിരായ അന്വേഷണം; വിജിലൻസ് കോട്ടയം റേഞ്ച് എസ് പി വിനോദ് കുമാറിന് ചുമതല

Published on 22 September, 2023
മാത്യു കുഴല്‍നാടനെതിരായ അന്വേഷണം;  വിജിലൻസ് കോട്ടയം റേഞ്ച് എസ് പി വിനോദ് കുമാറിന് ചുമതല

തിരുവനന്തപുരം: മാത്യു കുഴല്‍നാടനെതിരായ വിജിലൻസ് അന്വേഷണത്തില്‍ അന്വേഷണ ചുമതല വിജിലൻസ് കോട്ടയം റേഞ്ച് എസ് പി വിനോദ് കുമാറിന്.

ഈ മാസം 20നായിരുന്നു മാത്യു കുഴല്‍നാടൻ എംഎല്‍എക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലൻസിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി തട്ടിപ്പ് ശക്തമായി ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മാത്യു കുഴല്‍നാടനെതിരെ സിപിഎം ഭൂമി ക്രമക്കേട് എന്ന ആരോപണം ഉയര്‍ത്തിയത്. ആരോപണത്തില്‍ സിപിഎം വിജിലൻസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് നികുതി വെട്ടിച്ചാണ് മാത്യൂ കുഴല്‍നാടൻ ചിന്നക്കനാലില്‍ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയതെന്ന ആരോപണം ഉന്നയിച്ചത്. ആധാരത്തില്‍ 1.92 കോടി വില കാണിച്ച മാത്യു അടുത്ത ദിവസം നല്‍കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വില 3.5 കോടിയാക്കി കാണിച്ചെന്നായിരുന്നു ആക്ഷേപം. ആരേപണങ്ങളെല്ലാം മാത്യു കുഴല്‍നാടൻ തള്ളിയിരുന്നെങ്കിലും രഹസ്യപരിശോധന നടത്തിയ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാറിനോട് അനുമതി തേടുകയായിരുന്നു. ഈ അവശ്യത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ ഉത്തരവില്‍ മാത്യുവിന്റെ പേരില്ല നേരെമറിച്ച്‌ പൊതുപ്രവര്‍ത്തകൻ എന്ന നിലക്കാണ് അനുമതി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നായിരുന്നു മാത്യു ഇതിനെക്കുറിച്ച്‌ പറഞ്ഞത്.

നേരത്തെ മാത്യുവിന്റെ വിവാദ റിസോര്‍ട്ടിന്റെ ലൈസൻസ് ചിന്നക്കനാല്‍ പഞ്ചായത്ത് പുതുക്കി നല്‍കിയിരുന്നു. ലൈസൻസിന്റെ കാലാവധി മാ‍ര്‍ച്ച്‌ 31 ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് അഞ്ചു വര്‍ഷത്തേക്ക് ലൈസൻസ് പുതുക്കി നല്‍കാൻ മാത്യൂ അപേക്ഷ നല്‍കുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക