Image

ബി എസ് പി എംപി ദാനിഷ് അലിയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം; ബിജെപി അംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

Published on 22 September, 2023
ബി എസ് പി  എംപി ദാനിഷ് അലിയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം; ബിജെപി അംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡൽഹി: ലോക്സഭയിൽ  ബഹുജൻ സമാജ് പാര്‍ട്ടി(ബി.എസ്.പി) എം.പിക്ക് നേരെ അസഭ്യവർഷവുമായി ബി.ജെ.പി എം.പി രമേശ് ബിധുരി. ബി.എസ്.പി എം.പി ഡാനിഷ് അലിക്ക് നേരെയാണ് ബി.ജെ.പി എം.പി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്.

ഡാനിഷ് അലി തീവ്രവാദിയാണന്നും ഇത്തരക്കാരെ നാടുകടത്തണമെന്നുമായിരുന്നു രമേശ് ബിധുരിയുടെ പരാമർശം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഇതേ സമയം സംഭവത്തിൽ  വിവാദപരാമര്‍ശങ്ങളുന്നയിച്ച ബി.ജെ.പി.എംപി രമേശ് ബിധുരിയ്ക്ക് ലോക്സഭാ സ്പീക്കറുടെ  താക്കീത്. ഇത്തരത്തിലുള്ള പ്രവൃത്തി ആവര്‍ത്തിക്കുന്ന പക്ഷം കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് രമേശ് ബിധൂരിയ്ക്ക് സ്പീക്കര്‍ ഓം ബിര്‍ള താക്കീത് നല്‍കിയത്. ബിധൂരിയുടെ പരാമര്‍ശങ്ങള്‍ പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്തു.

ദാനിഷ് അലിയ്ക്കെതിരെ ബിധുരി ഉപയോഗിച്ച വിവാദപരമായ പദങ്ങള്‍ സ്പീക്കര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നാണ് ഔദ്യോഗികവിവരം. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ വിജയത്തെ കുറിച്ച്‌ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു ബി.ജെ.പി. എം.പി. ദാനിഷ് അലിയ്ക്കെതിരെ ആവര്‍ത്തിച്ചുള്ള സാമുദായിക അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. 


"പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ താങ്കളുടെ നേതൃത്വത്തില്‍ ഇത്തരമൊരു സംഭവം നടന്നതില്‍ ഈ മഹത്തായ രാഷ്ട്രത്തിന്റെ ന്യൂനപക്ഷ അംഗമെന്ന നിലയിലും എംപി എന്ന നിലയിലും അതിയായി വേദനിക്കുന്നു", സ്പീക്കര്‍ക്കെഴുതിയ കത്തില്‍ ദാനിഷ് അലി പറഞ്ഞു. സംഭവത്തെ പ്രതിപക്ഷ നേതാക്കള്‍ അപലപിക്കുകയും ബിധൂരിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തിന് കുറച്ചുസമയത്തിന് ശേഷം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സഭയില്‍ ഖേദം പ്രകടിപ്പിച്ചു. സഭയിലെ ഒരംഗത്തിന്റെ ഭാഗത്ത് നിന്ന് വിവാദപരമായ പരാമര്‍ശങ്ങളുണ്ടായതില്‍ ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ഖേദപ്രകടനം മാത്രം പോരെന്നും ബിധൂരിയെ സസ്പെൻഡ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക