സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ആക്രമണ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ദേശീയ അന്വേഷണ ഏജൻസി നോട്ടീസിറക്കി.
പത്ത് പേരുടെ ചിത്രങ്ങളാണ് നോട്ടീസിലുള്ളത്. ഇവരെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് നോട്ടീസ്. ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തില്‍ ഖലിസ്ഥാൻ വിഷയം വലിയൊരു പ്രശ്നമായിരിക്കുന്ന സമയത്താണ് പുതിയ നടപടികള്‍.
2023 മാര്‍ച്ചില്‍ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ഇന്ത്യൻ കോണ്‍സുലേക്ക് ഖലിസ്ഥാൻ വാദികള്‍ അതിക്രമിച്ച് കയറുകയും തീവയ്ക്കുകയും ചെയ്തു. അതിനുപുറമെ ഖലിസ്ഥാൻ മുദ്രാവാക്യം മുഴക്കിയെത്തിയവര്‍ ഇന്ത്യൻ പതാക എടുത്തുമാറ്റുകയും പകരം ഖലിസ്ഥാൻ പതാക നാട്ടുകയും ചെയ്തിരുന്നു. അക്രമത്തില്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ദേശീയ അന്വേഷണ ഏജൻസിയുടെ നോട്ടീസ്
തിരിച്ചറിയാനുള്ള വിവരങ്ങള്‍ അഭ്യര്‍ത്ഥിച്ചുള്ള മൂന്ന് നോട്ടീസുകളാണ് എൻ ഐ എ പുറത്തിറക്കിയിരിക്കുന്നത്. രണ്ടെണ്ണത്തില്‍ രണ്ടുവീതം പ്രതികളുടെയും മൂന്നമത്തേതില്‍ കുറ്റാരോപിതരായ ആറുപേരുടെയും ചിത്രങ്ങളാണുള്ളത്. കൂടാതെ വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി വിലാസം, ഫോണ്‍ നമ്ബര്‍, വാട്സാപ്പ് നമ്ബര്‍ എന്നിവ ഉള്‍പ്പെടെയുള്ളവയും നോട്ടീസിലുണ്ട്.
കുറ്റാരോപിതരെ പിടികൂടാൻ സഹായിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുപോകില്ലെന്നും എൻഐഎ നോട്ടീസില്‍ ഉറപ്പുനല്‍കുന്നു. ഖലിസ്ഥാൻ വിഷയത്തെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിയിരിക്കുകയാണ്. ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ രാജ്യത്തുനിന്ന് കാനഡ പുറത്താക്കിയതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമായത്.