കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും ആഞ്ഞടിച്ച് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടൻ . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കരിമണൽ കമ്പനി 1.75 കോടി രൂപ നൽകിയത് ഭിക്ഷയായിട്ടായിരുന്നോ എന്ന് മാത്യു കുഴൽ നാടൻ ചോദിച്ചു. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് ശ്രമം. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും, വിജിലൻസ് അന്വേഷണം കാണിച്ച് തളർത്തേണ്ടെന്നും കുഴൽ നാടൻ പറഞ്ഞു.
ആദായനികുതി വകുപ്പിന്‍റെ ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പി.വി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പിണറായി വിജയൻ എന്ന് തന്നെയാണെന്നും മറിച്ച് തെളിയിച്ചാല്‍ തന്‍റെ എംഎല്‍എ സ്ഥാനം രാജിവയ്ക്കാമെന്നും മാത്യൂ കുഴല്‍നാടൻ വെല്ലുവിളിച്ചു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷമായ പരാമര്‍ശം നടത്തിയത്.
മകള്‍ വീണ വിജയൻ കരിമണല്‍ കമ്ബനിയില്‍ നിന്നും പണം വാങ്ങി എന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. ഇത് സേവനത്തിനായി രണ്ട് കമ്ബനികള്‍ തമ്മില്‍ കരാര്‍പ്രകാരം നല്‍കിയ പണമാണെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്.
അക്കൗണ്ട് വഴി പണം വാങ്ങിയാല്‍ സുതാര്യമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും ഒരു കമ്മ്യൂണിസ്റ്റുകാരൻ പോലും വിശ്വസിക്കില്ല എന്ന നിലയിലേക്ക് പിണറായി തകര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
തന്നെയും അഴിമതിക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള വ്യഗ്രതയുടെ ഭാഗമാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഏത് വിധേനയുള്ള അന്വേഷണത്തോടും സഹകരിക്കാൻ തയാറാണെന്നും ജനപ്രതിനിധി എന്ന നിലയിലുള്ള ഒരു ആനുകൂല്യവും ഇതിനായി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കും. തന്‍റെ പോരാട്ടം നിയമ വഴിക്കായിരിക്കുമെന്നും അതുകൊണ്ടാണ് പൊതുജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നും കുഴല്‍നാടൻ കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തിന്‍റെ പേരില്‍ തളര്‍ത്തിക്കളയാമെന്നോ തകര്‍ത്തുകളയാമെന്നോ കരുതേണ്ട. തന്‍റെ പോരാട്ടം പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയോടെയാണ്, മാത്യു കുഴല്‍നാടൻ പറഞ്ഞു.