Image

വീണ്ടും നിപ്പ? അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് (ദുര്‍ഗ മനോജ്)

Published on 12 September, 2023
വീണ്ടും നിപ്പ? അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് (ദുര്‍ഗ മനോജ്)

കോഴിക്കോടു ജില്ലയിൽ പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശിച്ചു.രാവിലെ പത്തരയ്ക്കു ചേരുന്ന ഉന്നതതല യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തും. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജും, മന്ത്രി മുഹമ്മദ് റിയാസും സംഭവസ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ചവരുടെ സമ്പർക്കപ്പട്ടിക ഉടൻ തയ്യാറാക്കും. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച രണ്ടുപേർക്ക് നിപ്പ സംശയിക്കുന്നതിനെ തുടർന്നാണിത്.

ശരീര ദ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചതിൻ്റെ ഫലം ഇന്നു ലഭിച്ചതിനു ശേഷമേ നിപ്പയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ.


നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച രണ്ടു പേർക്കു നിപ്പ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നു സംശയം തോന്നി ഇന്നലെ മരിച്ച രോഗിച്ചു സാംപിൾ പരിശോധനയ്ക്ക് അയച്ചത്. എന്നാൽ ആഗസ്റ്റ് മുപ്പതിനു മരിച്ച രോഗിയുടെ സ്രവം പരിശോധിച്ചിട്ടില്ല. ഇന്നലെ മരിച്ച രോഗിയുടെ ബന്ധുക്കളും സമാന ലക്ഷണത്തോടെ ആശുപത്രിയിൽ ചികിത്സയിലുണ്ട്. അതിൽ ഒമ്പതു വയസുകാരൻ്റെ നില ഗുരുതരമാണ്.
കോഴിക്കോട്, മുൻപും രണ്ടുവട്ടം നിപ്പ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ അതുമായി ബന്ധപ്പെട്ട നടപടികളാണ് ആരോഗ്യ വകുപ്പ് ആരംഭിച്ചിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കൾ ചികിത്സിച്ച ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ നിരീക്ഷണത്തിലാണ്.

ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇന്ന് കോഴിക്കോട്ട് എത്തും. മരുതോങ്കരയിൽ ഇന്നലെ പനി സർവേ നടത്തിയിട്ടുണ്ട്.


നിപ്പ തരംഗം ആദ്യം ആഞ്ഞടിച്ചത് മലയാളികൾക്കു തീരാദുഃഖം നൽകിയാണ്. അന്നു നമുക്ക് ആ രോഗം തീർത്തും പുതുതായിരുന്നു. നമ്മൾ അല്പം സംഭ്രമിക്കുകയും ചെയ്തു. എന്നാലിന്ന് സ്ഥിതി വ്യത്യസ്തമാണ്. നിപ്പയ്ക്കു ശേഷം കോവിഡും നമ്മൾ കണ്ടു കഴിഞ്ഞു.
നിപ്പയാണ് രോഗമെങ്കിൽ എത്രയും വേഗം നിയന്ത്രണ വിധേയമാക്കാൻ സാധിക്കട്ടെ നമ്മുടെ ആരോഗ്യപ്രവർത്തകർക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക