Image

ട്രമ്പിന്റെ പേര് ബാലറ്റില്‍ ഉണ്ടാകുമോ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 01 September, 2023
ട്രമ്പിന്റെ പേര് ബാലറ്റില്‍ ഉണ്ടാകുമോ (ഏബ്രഹാം തോമസ്)

വാഷിംഗ്ടണ്‍: യു.എസിലെ ന്യൂയോര്‍ക്ക്, ഫ്‌ളോറിഡസ വാഷിംഗ്ടണ്‍ ഡി.സി., ജോര്‍ജിയ കോടതികളില്‍ 91 ക്രിമിനല്‍ ചാര്‍ജ്ജുകള്‍ നേരിടുന്ന മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രൈമറികളിലും തിരഞ്ഞെടുപ്പിലും മത്സരിക്കുവാന്‍ അനുവദിക്കരുതെന്ന് ഒരു വിഭാഗം ജനങ്ങള്‍ ആവശ്യപ്പെടുന്നു. മറുവശത്ത് തെറ്റായി ആരോപിക്കപ്പെടുന്ന ഒരു ചാമ്പ്യനില്‍ പൂര്‍ണ്ണ വിശ്വാസവും പൂര്‍ണ്ണപിന്തുണയും പ്രഖ്യാപിക്കുന്ന മറ്റൊരു വിഭാഗം ജനങ്ങള്‍. തിരഞ്ഞെടുപ്പിന് 14 മാസം ശേഷിക്കുമ്പോള്‍ വ്യക്തമാകുന്ന ചിത്രം ഇതാണ്.

മെയ് 21, 2024 ല്‍ നടക്കുവാന്‍ പോകുന്ന ജോര്‍ജ്ജിയ റിപ്പബ്ലിക്കന്‍ പ്രൈമറിക്ക് മുന്നോടിയായി അറ്റ്‌ലാന്റ കോണ്‍സ്റ്റിറ്റിയൂഷന്‍ നടത്തിയ പോളില്‍ ട്രമ്പിന് അനുകൂലമായി 57% പേരും ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ഡിസാന്റിസിന് 15% വും മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് 4% വും പിന്തുണ ലഭിച്ചു. ഈ പോളിന്റെ ഫലം ട്രമ്പ് തന്റെ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാല്‍ അടുത്ത ദിവസത്തെ അഭിപ്രായ സര്‍വേയില്‍ ട്രമ്പിന്റെ പിന്തുണയ്ക്കും പ്രഹരമേറ്റു. ഭാഗധേയങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കും.

ജോര്‍ജിയയിലെ മോക്ക് പ്രൈമറിയില്‍ നിന്ന് ട്രമ്പ് കുറിച്ചു. ന്യൂഹാംഷെയറില്‍ ഒരു വിഭാഗം റിപ്പബ്ലിക്കനുകള്‍ ട്രമ്പ് പ്രൈമറി ബാലറ്റില്‍ ഉണ്ടാവരുതെന്ന് വാദിക്കുന്നു. യു.എസ്. ഭരണഘടനയുടെ 14-ാം ഭേദഗതി, സെക്ഷന്‍ 3 ്അനുസരിച്ച് വിപ്ലവത്തിലോ കലാപത്തിലോ ഏര്‍പ്പെടുന്ന അല്ലെങ്കില്‍ രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് സഹായമോ അഭയമോ നല്‍കുന്ന വ്യക്തി പബ്ലിക് ഓഫീസിന്റെ ചുമതലകള്‍ വഹിക്കരുത്. ന്യൂഹാംഷെയര്‍ അറ്റേണി ജനറലിന്റെ ഓഫീസ് ഇക്കാര്യത്തില്‍ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും നിയമവശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അറിയിച്ചു. സംസ്ഥാന സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡേവിഡ് സ്‌കാന്‍ലനും അറ്റേണി ജനറല്‍ ജോണ്‍ ഫോര്‍മെല്ലയും ചേര്‍ന്ന് സംയുക്തമായാണ് വിവരം അറിയിച്ചു.

വളരെ സജീവമായ ഒരു പ്രശ്‌നമാണിത്. ട്രമ്പിന്റെ പേര് ബാലറ്റില്‍ ഉള്‍പ്പെടുത്തരുത് എന്ന് ഒരു വിഭാഗത്തിന്റെ ആവശ്യത്തിനും സമ്മര്‍ദ്ദത്തിനും കീഴടങ്ങിയാല്‍ ട്രമ്പും അനുയായികളും കോടതിയെ സമീപിക്കും എന്നുറപ്പാണ്. പബ്ലിക്  ഓഫീസ് ചുമതലകള്‍ വഹിക്കുന്നതാണ് സെക്ഷന്‍ 3 വിലക്കുന്നത്, പബ്ലിക് ഓഫീസിലേയ്ക്ക് മത്സരിക്കുന്നത് വിലക്കിയിട്ടില്ല എന്ന വാദം ഉയര്‍ത്താം. പേര് ബാലറ്റില്‍ നിന്ന് ഒഴിവായാല്‍ ഉണ്ടാകാവുന്ന നിയമ നടപടികള്‍ പ്രൈമറികളുടെ നടത്തിപ്പ് വൈകിക്കും. ഈ സാഹചര്യം ഒഴിവാക്കാന്‍ ശ്രമം ഉണ്ടാകും.

ന്യൂഹാം ഷെയര്‍ ജിഓപിയിലെ ഒരു വിഭാഗവും ട്രമ്പിന്റെ വിമര്‍ശകരും ട്രമ്പിന്റെ പേര് ബാലറ്റില്‍ ഉണ്ടാകുന്നതിനെ അനുകൂലിക്കുന്നില്ല. എന്നാല്‍ ട്രമ്പിന്റെ പേര് ബാലറ്റില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാന പാര്‍ട്ടി ഘടകത്തിന്റെ തീരുമാനമെങ്കില്‍ യു.എസ്. സുപ്രീം കോടതിയുടെ തീരുമാനത്തിന് പ്രശ്‌നം വിടുന്നതാണ് നല്ലതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ വില്യം ബൗഡും യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസിലെ മൈക്കേല്‍ സ്‌റ്റോക്ക്‌സ് പോള്‍സണും അഭിപ്രായപ്പെട്ടു. ന്യൂഹാം ഷെയര്‍ സ്റ്റേറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍ ക്രിസ് ഏജര്‍ നിഷ്പക്ഷ നിലപാടുകാരനാണെങ്കിലും ട്രമ്പിന്റെ പേര്‍ ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല.

ജോര്‍ജിയയിലെ ഫുള്‍ ടണ്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റേണി ഫാനി വില്ലിസാണു ഏറ്റവും ഒടുവില്‍ ട്രമ്പ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇവരെ ഇംപീച്ച് ചെയ്യുവാന്‍ സംസ്ഥാന നിയമനിര്‍മ്മാതാക്കള്‍ ഒരു പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ജോര്‍ജിയ ജനറല്‍  അസംബ്ലി ആരെയും ഇംപീച്ച് ചെയ്തിട്ടില്ല. ഇംപീച്ച് ചെയ്യുവാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. റിപ്പബ്ലിക്കനുകള്‍ക്കു മാത്രം ഇത്രയും അംഗബലമില്ല. ഡെമോക്രാറ്റുകള്‍ സഹായിക്കുവാന്‍ സാദ്ധ്യത കുറവാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക