Image

ആദ്യഘട്ടം വിജയകരമായി: ചന്ദ്രയാന്‍ 3 യാത്ര പുറപ്പെട്ടു (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 15 July, 2023
ആദ്യഘട്ടം വിജയകരമായി: ചന്ദ്രയാന്‍ 3 യാത്ര പുറപ്പെട്ടു (ദുര്‍ഗ മനോജ് )

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണപദ്ധതിയായ ചന്ദ്രയാന്‍ ഇന്നലെ ഉച്ചക്ക് അതിന്റെ മൂന്നാം ദൗത്യവുമായി കുതിച്ചുയര്‍ന്നു. .ചന്ദ്രയാന്‍ 3 ന്റെ കൗണ്ട് ഡൗണ്ട് മിനിഞ്ഞാന്ന് ഉച്ചക്ക് ആരംഭിച്ചു. 25 മണിക്കൂര്‍ 30 മിനിറ്റ് ആയിരുന്നു കൗണ്ട് ഡൗണ്‍ സമയം. കൗണ്ട് ഡൗണ്‍ സമയത്തില്‍ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആണു ചെയ്തു തീര്‍ത്ത്, ഇന്നലെ ഉച്ചക്ക് 2.35 ന് വിക്ഷേപണത്തറയില്‍ നിന്നും ചന്ദ്രയാന്‍ 3 ബഹിരാകാശത്തേക്കു കുതിച്ചുയര്‍ന്നപ്പോള്‍ രാജ്യം ആകാംക്ഷയോടെ ആകാശത്തേക്കു മിഴിനട്ടു. രാജ്യത്തിന്റെ ശാസ്ത്ര, സാങ്കേതിക മേഖലയ്ക്കു യശസ്സിന്റെ അനശ്വരമുദ്ര ചാര്‍ത്തി ചന്ദ്രനെ ലക്ഷ്യമിട്ട് ഐ എസ് ആര്‍ ഒ യുടെ അഭിമാനമായ ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നപ്പോള്‍ ലോകവും ആ കാഴ്ച ആഹ്ലാദത്തോടെ ഏറ്റെടുത്തു. ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. ആഗ്സ്റ്റ് 23നാണ് ചന്ദ്രോപരിതലത്തിലേക്കു ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങേണ്ടത്.ഈ കുതിപ്പില്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ ഏറെയുണ്ട്. ചന്ദ്രയാന്‍ മിഷന്‍ ഡയറക്ടര്‍, എസ് മോഹന്‍കുമാര്‍ മലയാളിയാണ്.

2008 ലെ ചന്ദ്രയാന്‍ 1 ല്‍ പരീക്ഷണോപകരണങ്ങളെ ചന്ദ്രോപരിതലത്തില്‍ സ്വതന്ത്രമായി വീഴാന്‍ അനുവദിക്കുകയാണ് ചെയ്തത്. 2019ലെ ചന്ദ്രയാന്‍ 2ല്‍ വേണം കുറച്ചു കൊണ്ടുവന്ന് സുരക്ഷിതമായി ഇറക്കുകയായിരുന്നു ദൗത്യം. എന്നാല്‍ റോവറിന് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങേണ്ടി വന്നതിനാല്‍ ആ ദൗത്യം പരാജയപ്പെട്ടു. ഇപ്പോള്‍ ചന്ദ്രയാന്‍ 3 ല്‍, ചന്ദ്രോപരിതലത്തില്‍ സുരക്ഷിത സ്ഥലം കണ്ടെത്തി വേഗം കുറച്ച് ഇറങ്ങേണ്ടതുണ്ട്.ചന്ദ്രയാന്‍ 2ല്‍ കൊണ്ടുപോയ ഓര്‍ബിറ്റര്‍ തന്നെയാണ് മൂന്നിലും ഭൂമിയുമുള്ള ആശയ വിനിമയത്തിന് ഉപയോഗിക്കുക.
ചന്ദ്രയാന്‍ മൂന്നിന്റെ പ്രധാന ഭാഗങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങാനുള്ള ലാന്‍ഡറും, ഉപരിതലത്തില്‍ സഞ്ചരിക്കാനുള്ള റോവറും, ഇവയെചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള പ്രൊപ്പല്‍ഷന്‍ മൊഡ്യൂളുമാണ്. റോക്കറ്റില്‍ നിന്നും വേര്‍പെട്ടാല്‍ റോവറിനേയും ലാന്‍ഡറിനേയും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത് മോഡ്യൂള്‍ ആണ്. ഭൂമിയെ ചുറ്റുന്നതിനിടയില്‍ ഭ്രമണപഥത്തിന്റെ വ്യാസം വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്കു പ്രവേശിക്കേണ്ടത്. തുടര്‍ന്ന് ചന്ദ്രനിലെ ഭ്രമണപഥ വ്യാസം കുറയ്ക്കണം. ആഗസ്റ്റ് 23, 24 തീയതികളിലാവും ലാന്‍ഡറിനെ ചന്ദ്രനില്‍ ഇറക്കുക.

ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 എന്ന ഐ എസ് ആര്‍ ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജി എസ് എല്‍ സി മാര്‍ക്ക് 3 റോക്കറ്റിന്റെ ഏഴാമത് ദൗത്യമാണ് ഇന്നത്തേത്. 43.5 മീറ്റര്‍ ഉയരവും, 642 ടണ്‍ ഭാരവും ഉള്ള ഈ റോക്കറ്റില്‍ ആദ്യഘട്ടത്തില്‍ ഖര ഇന്ധനവും, രണ്ടാം ഘട്ടത്തില്‍ ദ്രാവക ഇന്ധനവും, മൂന്നാം ഘട്ടത്തില്‍ ക്രയോജനിക് ഇന്ധനവും ആണ് ഉപയോഗിക്കുക. യാത്ര തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ പേടകം റോക്കറ്റില്‍ നിന്നും വേര്‍പെട്ട് ഭൂമിയില്‍ നിന്നും 179. 19 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തി.തുടര്‍ന്നുള്ള ഓരോ നീക്കവും ബാംഗ്ലൂരിലെ ഐ എസ് ആര്‍ ഒ ആകും നിയന്ത്രിക്കുക.

ആഗസ്റ്റ് ഒന്നിന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 എത്തുമെന്നു പ്രതീക്ഷിക്കുന്നു. 17 ന് പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെടും.

നിലവില്‍ ഏറ്റെടുത്ത ഏഴ് വിക്ഷേപണങ്ങളും വിജയകരമാക്കിയ എല്‍ വി എം3റോക്കറ്റ് ഇന്ന് നമ്മുടെ ബാഹുബലിയായി തിളങ്ങുകയാണ്.ഇതേ എല്‍വി എം3 തന്നെയാവും ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷു യാത്രാ ദൗത്യമായ ഗഗന്‍ യാനിലും നമുക്കു കരുത്തേകുക. എല്‍ വി എം ഇന്ത്യയ്ക്ക് ഏറ്റവും ആശ്രയിക്കാവുന്ന റോക്കറ്റാണിന്ന്. 2014 മുതല്‍ ആരംഭിച്ചതാണിതിന്റെ വിജയക്കുതിപ്പ്. മനുഷ്യരെക്കൂടി വഹിക്കേണ്ടതിനാല്‍ എല്‍വി എം3യില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എല്‍ വി എം3റോക്കറ്റിന്റെ കരുത്ത് ഇന്നു ലോകത്തിനും ബോധ്യപ്പെട്ടു കഴിഞ്ഞു.

2019 ല്‍ നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ട ദൗത്യം ഇക്കുറി ചന്ദ്രയാന്‍ 3 ല്‍ വിജയകരമാകട്ടെ. യു എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഇന്ത്യയും കുതിച്ചുയരട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക