ലണ്ടന്‍: കുടിയേറ്റ നിയമം ലംഘിച്ച് അഴിമതി കാട്ടിയതിന് ബ്രിട്ടനില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ജയില്‍ശിക്ഷ. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേരെ അനധികൃതമായി താമസിക്കാന്‍ സഹായിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2000ത്തില്‍ ബ്രിട്ടനില്‍ വിദ്യാര്‍ഥി വീസയിലെത്തിയ വിജയ് സൊറാത്തിയ (35), ഭാര്യ ഭാവന (31) എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്.
വിജയ് സൊറാത്തിയയ്ക്ക് 10 വര്‍ഷവും ഭാവനയ്ക്ക് 15 മാസവുമാണ് ജയില്‍വാസം വിധിച്ചിരിക്കുന്നത്. ഇതിനുശേഷം ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തും. ലണ്ടനിലെ ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2010 ല്‍ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വീട്ടില്‍ നിന്നാണ് സൊറാത്തിയയെ യുകെ ബോര്‍ഡര്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്. പണമായി 3,30,000 പൗണ്ടും ഇവരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
സൊറാത്തിയയെ സഹായിച്ചെന്നാണ് ഭാവനയ്‌ക്കെതിരേ ചുമത്തിയിട്ടുളള കുറ്റം. ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്.