കുന്ദമംഗലം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ ദുര്‍ബലമെന്ന് കോടതി. പ്രതികളെ ഹാജരാക്കിയ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന്റെ പിഴവ് ചൂണ്ടിക്കാട്ടിയത്.
കേസില്‍ അറസ്റ്റിലായ കുന്നുമ്മല്‍ ലോക്കല്‍ കമ്മറ്റിയംഗം കെ.സി. രാമചന്ദ്രനെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് എന്തിനാണെന്ന ചോദ്യത്തിന് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്‌ടെന്നായിരുന്നു പോലീസിന്റെ മറുപടി. എന്നാല്‍ ഗൂഢാലോചനക്കുറ്റം ചുമത്തുന്ന 120- ബി വകുപ്പ് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് തിരുത്തി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയ അഞ്ച് പേര്‍ക്കെതിരെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പിഴവും കോടതി ചൂണ്ടിക്കാട്ടിയത്. കൊലക്കുറ്റം ചുമത്തുന്ന 302 ാം വകുപ്പും എക്‌സ്‌പ്ലോസീവ് ആക്ടിലെ മൂന്നാം വകുപ്പും മാത്രമായിരുന്നു സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായ പടയങ്കണ്ടി രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ക്കെതിരേ പോലീസ് ചുമത്തിയിരുന്നത്.
എന്നാല്‍ ഇവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവരല്ലെന്നും അതിനാല്‍ ഇവര്‍ക്കെതിരേ ഈ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഇത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഗൂഢാലോചനയിലാണ് പ്രതികള്‍ പങ്കെടുത്തിട്ടുള്ളതെന്നും അതിനാല്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തേണ്ടതെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് വിശദീകരണക്കുറിപ്പോടെ പോലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120- ബി, 109, 143, 147, 148 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. ഗൂഢാലോചന, ലഹള, പ്രേരണ എന്നീ കുറ്റങ്ങളാണ് ഈ വകുപ്പുകളില്‍ ഉള്ളത്.