Image

പൈലറ്റുമാരുടെ സമരം 10 ദിവസം പിന്നിടുന്നു: എയര്‍ ഇന്ത്യയുടെ നഷ്ടം 188 കോടി രൂപ

Published on 17 May, 2012
പൈലറ്റുമാരുടെ സമരം 10 ദിവസം പിന്നിടുന്നു: എയര്‍ ഇന്ത്യയുടെ നഷ്ടം 188 കോടി രൂപ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ ഒരു വിഭാഗം പൈലറ്റുമാര്‍ നടത്തുന്ന സമരം പത്ത് ദിവസം പിന്നിടുന്നു. സമരം മൂലം ഇതുവരെ കമ്പനിക്കുണ്ടായ വരുമാന നഷ്ടം 188 കോടി രൂപയോളമാണ്. പ്രതിദിനം 13 കോടിയിലധികം രൂപയാണ് നഷ്ടമെന്ന് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് അറിയിച്ചു. ടിക്കറ്റുകള്‍ റദ്ദാക്കിയതിലൂടെയാണ് അധികവും വരുമാന നഷ്ടമുണ്ടായത്. 

അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തിയിരുന്ന ബോയിംഗ് 777 ഇനത്തില്‍ പെട്ട 17 വിമാനങ്ങളില്‍ എട്ടെണ്ണം മാത്രമേ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുള്ളു. സമരം നടത്തുന്ന പൈലറ്റുമാരാണ് ഈ വിമാനങ്ങള്‍ പറത്തിയിരുന്നത്. ഈ വിമാനങ്ങളിലെ ജോലിക്കാര്‍ക്കും വെറുതെ വേതനം നല്‍കേണ്ട അവസ്ഥയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന എയര്‍ ഇന്ത്യയെ പൈലറ്റുമാരുടെ സമരം തുടരുന്നത് കൂടുതല്‍ പ്രതിസന്ധിയിലാക്കും. എ 320, എ 321, എ 330 തുടങ്ങി എയര്‍ബസ് വിമാനങ്ങളാണ് ഇപ്പോള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്. 

സമാന്തര പദ്ധതി പ്രകാരമാണ് ഇപ്പോള്‍ രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നതെന്നും യൂറോപ്പിലും യുഎസിലും കണക്ടിംഗ് ഫ്‌ളൈറ്റുകളുടെ സേവനം ഉപയോഗിച്ചാണ് സര്‍വീസ് മുടങ്ങാതെ നടത്തുന്നതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക