തികച്ചും വ്യത്യസ്തമായ ഒരു ഈസ്റ്റര്‍- വിഷുദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഈ ലേഖകന് അവസരം ലഭിച്ചു. ജൂണ്‍ മാസം 7-#ാ#ം തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് യോങ്കേഴ്‌സ് പബ്ലിക്ക് ലൈബ്രറിയില്‍ വച്ചായിരുന്നു ഈ ആഘോഷം. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് യോങ്കേഴ്‌സ് ആയിരുന്നു സംഘാടകര്‍.
ഈ സംഘടനയുടെ കമ്മിറ്റിയംഗവും ഫൊക്കാനയുടെ പുതിയ നാഷ്ണല്‍ കമ്മിറ്റിയായി മല്‍സരിക്കുന്ന ലൈസി അലക്‌സും ട്രൈസ്റ്റേറ്റ് ഏരിയായിലെ അറിയപ്പെടുന്ന ഗായകനും ഗാനരചയിതാവുമായ അജിത് നായരുമായിരുന്നു എംസിമാര്‍.
അജിത് നായരിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാരംഭിച്ച സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിവുമണ്‍ ഷെല്ലിമേയര്‍ മുഖ്യാതിഥിയായിരുന്നു. പുതിയ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ വളരെ ഗൗരവത്തോടെയും പ്രതീക്ഷയോടെയുമാണ് അമേരിക്കന്‍ ജനത വീക്ഷിക്കുന്നതെന്ന് ഷെല്ലിമോള്‍ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോഡിയുടെ പേര് പറഞ്ഞു കേട്ട നാള്‍ മുതല്‍ അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവെന്നും വരും നാളുകളില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില് ഏറെ ശ്രദ്ധിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും ഒരു ഇന്ത്യന്‍ അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് എന്നറിയപ്പെടുന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ ഈ സംഘടനയുടെ പ്രസിഡന്റ് തോമസ് കൂവള്ളൂര്‍ പ്രസ്താവിച്ചു.
അമേരിക്കയില്‍ നിരവധി വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന സംസ്‌കൃത ഭാഷാ പണിഡതനും ഭാരതീയ തത്വശാസ്ത്രത്തില്‍ അഗാധ പാണിത്വവുമുള്ള ഫാദര്‍ ജേക്കബ് കട്ടക്കലല്‍ ഈസ്റ്റര്‍ സന്ദേശംനല്‍കി. ശാപത്തിന്‌റെ അടയാളമായി കരുതപ്പെട്ടിരുന്ന കുരിശിനെ രക്ഷയുടെ ഉപകരണമാക്കിമാറ്റിയ യേശുനാഥന്റെ ഉയിര്‍പ്പ് നമ്മുക്കേവര്‍ക്കും പ്രത്യാശ നല്‍കുന്ന മഹനീയ യാഥാര്‍ത്ഥ്യമാണെന്ന് കട്ടക്കലച്ചന്‍ രേഖപ്പെടുത്തി.
പ്രമുഖ ഭഗവദ്ഗീഥാ പണ്ഡിതനും വാഗ്മിയുമായ പ്രൊഫസര്‍ വിദ്യാസാഗര്‍ വിഷുദിന സന്ദേശം നല്‍കി. ലോകം മുഴുവന്‍ ഐശ്വര്യമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്ന, അതിനായി പ്രവര്‍ത്തിക്കുന്ന സനാതന സത്യമൂല്യങ്ങളാണ് ഹിന്ദുമതത്തിന്റെ അന്തസത്തയെന്നും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുവാനും അംഗീകരിക്കുവാനുമാണ് ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോങ്കേഴ്‌സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഓഫീസര്‍ മൈക്കിള്‍ മര്‍ഫി സമ്മേളനത്തില്‍ പങ്കെടുത്തു. യോങ്കേഴ്‌സ് മേയറുടെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചുകൊണ്ട് ഈ സംഘടന നല്‍കിയ ശിലാഫലകം ഓഫിസര്‍ മര്‍ഫി ഏറ്റുവാങ്ങി. യോങ്കേഴ്‌സ് നഗരത്തിലെ സുരക്ഷിതത്വം മുന്‍നിര്‍ത്തി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിവരുന്ന കമ്മ്യൂണിറ്റി മീറ്റിംഗുകളില്‍ എല്ലാവരും പങ്കെടുക്കണമെന്നദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതൊടൊപ്പം ഈ സംഘടനയുടെ ഭാരവാഹികള്‍ക്കെല്ലാം മേയറുടെ ഓഫീസില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു.
വൈസ്പ്രസിഡന്റ് ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത്, ഫൊക്കാനയുടെ നാഷ്ണല്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ജോയി ഇട്ടന്‍, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ജോസ് പിന്റോ സ്റ്റീഫന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
സമ്മേളനത്തിന്റെ ആരംഭത്തില്‍, പ്രാര്‍ത്ഥനാ ഗാനത്തിനുതൊട്ടുപിന്നാലെ യുവകലാകാരികളായ ഗായത്രീ നായര്‍, പ്രസീദാ ഉണ്ണി, മാളവികാ പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് അമേരിക്ന്‍ ദേശീയഗാനമാലപിച്ചു. പിന്നീട് ഇവര്‍ മൂന്നുപേരും അവതരിപ്പിച്ചു മോഹിനിയാട്ടവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ലിസാ ജോസ് നേതൃത്വം നല്‍കുന്ന നാട്യമുദ്രയുടെ വിവിധ നൃത്തങ്ങളും സമ്മേളനത്തില്‍ അരങ്ങേറി. സ്‌മേരാ തെക്കന്‍മാര്‍, അനായ ഷെഡി, വാര്‍ഷിനി മോഹന്‍, ഹര്‍വീര്‍ ദുര, കാവ്യമഹീന്ദ്രാ, ബ്രിന്‍ഡാ റോയി, മേഘാ ജോസഫ് ജോര്‍ജ്, ജേഡ് അരുണ്‍ കുമാര്‍, ബ്രഷ്ഡി സര്‍ക്കാര്‍, ജൂലിയാന ചെറു എന്നിവരായിരുന്നു സംഘാംഗങ്ങള്‍.
ഇപ്പോഴത്തെ ഫൊക്കാനാ നാഷ്ണല്‍ കമ്മിറ്റിയംഗവും അടുത്ത തിരഞ്ഞെടുപ്പില്‍ ഫൊക്കാനയുടെ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുകയും ചെയ്യുന്ന സെക്രട്ടറി എം.കെ. മാത്യൂസ്, എല്ലാവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. ട്രഷറര്‍ ജോര്‍ജുകുട്ടി ഉമ്മന്‍ എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി സജീവമായി നിലകൊണ്ടു.
ഈയവസരത്തില്‍ ഈ ലേഖകനെ ഏറെ സ്പര്‍ശിച്ചത് മകന്‍ ശ്രീരാജ് ചന്ദ്രന്റെ അകാല നിര്യാണത്തില്‍ ഏറെ ദുഃഖിതരായി കഴിയുന്ന ജയരാധയ്ക്ക് നീതി ലഭിക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സിഗ്നേച്ചര്‍ ക്യാമ്പയിന് എല്ലാവിധ പിന്തുണയും നല്‍കുകയും ധാരാളം പേരെ ഇതിലുള്‍പ്പെടുത്തുകയും ചെയ്യാന്‍ ഈ സംഘടന മുന്നോട്ടു വന്നുവെന്നതാണ്. ഈ സംഘടനയുടെ ഓരോ അംഗങ്ങള്‍ക്കുമുള്ള നന്ദി ഈയവസരത്തില്‍ രേഖപ്പെടുത്തുവാന്‍ ജയരാധയും കുടുംബവും ആഗ്രഹിക്കുന്നു.