Image

ഷാജി തരംഗത്തിന് ധന്യമുഹൂര്‍ത്തം, പൊന്നാട അണിയിച്ചത് ദാസേട്ടന്‍

ജോര്‍ജ് തുമ്പയില്‍ Published on 06 June, 2014
ഷാജി തരംഗത്തിന് ധന്യമുഹൂര്‍ത്തം, പൊന്നാട അണിയിച്ചത് ദാസേട്ടന്‍
ഡാളസ്: ശബ്ദവിന്യാസത്തിന്റെ വിസ്മയമൊരുക്കി ആസ്വാദകരെ ആശ്ചര്യപ്പെടുത്തുന്ന ഷാജി തരംഗത്തിന് ഇത് ധന്യമുഹൂര്‍ത്തം. ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് ഷാജിയെ പൊന്നാട അണിയിച്ച് ആദരിച്ചു. എന്നും ആദരവോടെ നോക്കി കണ്ടിട്ടുള്ള ദാസേട്ടേന്‍ പൊന്നാട അണിയിച്ചത് ഷാജിക്ക് സ്വപ്‌നസദൃശ്യമായ നേട്ടമായി. കാല്‍ നൂറ്റാണ്ടായി യേശുദാസിനൊപ്പം പ്രവര്‍ത്തിക്കുന്ന ഷാജി ദാസേട്ടേന്‍ അമേരിക്കയില്‍ നടത്തിയ എല്ലാ പരിപാടികളുടെയും സൗണ്ട് എന്‍ജിനിയറായിരുന്നു.

1985-ലാണ് സൗണ്ട് എന്‍ജിനിയറായി ഷാജി പ്രവര്‍ത്തനമാരംഭിക്കുന്നത്. ന്യൂയോര്‍ക്കിലെ ഫ്രെഡ് കൊച്ചിനാണ് ഷാജിയെ 1989-ല്‍ ദാസേട്ടനു പരിചയപ്പെടുത്തി കൊടുക്കുന്നത്. ശേഷം പത്തു വര്‍ഷത്തോളം അമേരിക്കയിലെ തരംഗിണിയുടെ മാനേജരായി പ്രവര്‍ത്തിച്ചു. തരംഗിണിയുടെ സുവര്‍ണകാലഘട്ടമായിരുന്നു അത്. യുഎസ്എ യിലുണ്ടായിരുന്ന തരംഗിണി ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം സ്‌പെയിന്‍, ലണ്ടന്‍, ദുബായ്, ദോഹ, ബഹ്‌റിന്‍ എന്നിവിടങ്ങളിലൊക്കെ പ്രോഗ്രാമുകള്‍ നടത്തി. ഇതില്‍ സ്‌പെയിനിലേത് അന്താരാഷ്ട്ര സംഗീതോത്സവമായിരുന്നു. ലണ്ടനില്‍ നടന്ന പരിപാടിയാവട്ടെ റോയല്‍ ആല്‍ബര്‍ട്‌സ് ഹാളിലും. രണ്ടിടത്തും ആസ്വാദകരുടെ മനമറിഞ്ഞു ദാസേട്ടന്‍ പാടിയത് പ്രഭയൊട്ടും ചോരാതെ അവതരിപ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞത് കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളായി.

ദാസേട്ടന്റെയും ഭാര്യ പ്രഭ ചേച്ചിയോടൊപ്പം നടത്തിയ യാത്രകളെല്ലാം തന്നെ അവിസ്മരണീയമായി. പലേടത്തും വച്ചും പലപ്പോഴും പലരും ഷാജിയോടു തന്നെ ചോദിച്ചു, മകനല്ലെന്നറിയാം, ദാസേട്ടന്റെ സഹോദരനാണോ? ഷാജിക്കത് കേള്‍ക്കുമ്പോള്‍ അഭിമാന മുഹൂര്‍ത്തം. ദാസേട്ടന്റെ ചെറിയൊരു ഛായ ഷാജിക്കുണ്ടായിരുന്നതു കൊണ്ടായിരുന്നു പലരും ഇതു ചോദിച്ചിരുന്നത്. തന്നെയുമല്ല, ദാസേട്ടന്‍ പലപ്പോഴും ഷാജിയോട് പ്രത്യേകമായ ഒരു അടുപ്പം കാണിച്ചിരുന്നു.
ഇപ്പോള്‍ ദാസേട്ടന്‍ അമേരിക്കയിലെ തെരഞ്ഞെടുത്ത വേദികളില്‍ ഏറെക്കാലത്തിനു ശേഷം ലൈവ് ഓര്‍ക്കസ്ട്രയോടൊപ്പം നടത്തിയ പരിപാടിയുടെ സൗണ്ട് എന്‍ജിനിയറായും ഷാജി തന്നെ മുന്നില്‍ നിന്നു. ഡാളസില്‍ നടന്ന പരിപാടിയ്ക്കിടെയായിരുന്നു ഷാജിയെ അമ്പരപ്പിച്ചു കൊണ്ട് അപ്രതീക്ഷിതമായി ദാസേട്ടന്‍ വേദിയിലേക്ക് വിളിച്ചു വരുത്തി പൊന്നാട അണിയിച്ച് ആദരിച്ചത്. പരിപാടിയുടെ മുഖ്യ സംഘാടനായ ജേക്കബ് ഏബ്രഹാ (സജി ഹെഡ്ജ്) മായിരുന്നു പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ആര്‍ട്ടിസ്റ്റുമാരുടെയും സദസിന്റെയും അനുവാദത്തോടെ ദാസേട്ടനെ കൊണ്ട് ഷാജിക്ക് പൊന്നാട ചാര്‍ത്താന്‍ അവസരമൊരുക്കിയത്. പൊന്നാട ഏറ്റുവാങ്ങി കൈക്കൂപ്പി നില്‍ക്കുമ്പോള്‍ ഷാജി ഒന്നേ പ്രാര്‍ത്ഥിച്ചുള്ളു, ഈശ്വരാ, ദാസേട്ടന് എക്കാലത്തും ആയുസും ആരോഗ്യവും നല്‍കണേ !! അത്രമേല്‍ വിശുദ്ധമായി പാവനമായി ഷാജി തരംഗം ഇന്നും ജീവശ്വാസം പോലെ മലയാളത്തിന്റെ ഗാനഗന്ധര്‍വ്വനെ സ്‌നേഹിക്കുന്നു. ഷാജി നാലു മക്കളോടൊപ്പം ഇപ്പോള്‍ ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ താമസിക്കുന്നു.

ഷാജി തരംഗത്തിന് ധന്യമുഹൂര്‍ത്തം, പൊന്നാട അണിയിച്ചത് ദാസേട്ടന്‍
ഷാജി തരംഗത്തിന് ധന്യമുഹൂര്‍ത്തം, പൊന്നാട അണിയിച്ചത് ദാസേട്ടന്‍

ഷാജി തരംഗത്തിന് ധന്യമുഹൂര്‍ത്തം, പൊന്നാട അണിയിച്ചത് ദാസേട്ടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക