ഹൂസ്റ്റണ്‍: ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍
ഉണര്‍ത്തി കൊണ്ട് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ പ്രവാസി സ്‌നേഹ
കൂട്ടായ്മ എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. മധ്യതിരുവിതാംകൂറിലെ രണ്ട്
പ്രധാനപ്പെട്ട ഗ്രാമങ്ങളില്‍ നിന്നുളള അമേരിക്കന്‍ മലയാളികളെ ഒരു
കുടക്കീഴില്‍ അണിനിരത്തി കൊണ്ട് സംഘടിപ്പിച്ചതാണ് ഈ പ്രഥമ കുമ്പനാട്
പുല്ലാട് സൗഹൃദ സംഗമം.
ഹൂസ്റ്റണ്‍ ഈസ്റ്റ് സൈഡില്‍ ന്യുഫോറസ്റ്റിലുളള ഡാനിയേല്‍ സക്കറിയയുടെ
ഭവനത്തില്‍ വെച്ച് മാര്‍ച്ച് 8 ന് ജോര്‍ജ് മാത്യുസിന്റെ നേതൃത്വത്തില്‍
പ്രാര്‍ഥനയോടെ സംഗമം ആരംഭിച്ചു. വിദേശ മണ്ണിലേക്ക് പറിച്ചു നടപ്പെട്ട
മലയാളികള്‍ക്ക് ജീവസുറ്റ പുതിയ വേരുകള്‍ക്ക് ശക്തി പകരുന്നതിന് സംഗമം
ലക്ഷ്യം വെയ്ക്കുന്നു. വെറും പേരിനും പെരുമയ്ക്കും വേണ്ടി മാത്രമല്ലാതെ
സമൂഹ മനസിനെ തൊട്ടുണര്‍ത്തുന്ന പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുക.
മാതൃഭാഷയോടൊപ്പം ജനിച്ച നാടിന്റെയും മഹത്വം വര്‍ദ്ധിപ്പിക്കുക എന്നതും,
പുതിയ ബിസിനസ് സംരംഭങ്ങള്‍ വെട്ടിപിടിക്കുന്നതിനോ, ധനസമ്പാദനത്തിലോ ശ്രദ്ധ
ചെലുത്താതെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട
അശരണരും ആലംബഹീനരുമായവരെ സഹായിക്കുക, സാമ്പത്തിക വൈഷമ്യം നിമിത്തം
വിവാഹതടസം നേരിടുന്ന യുവതികള്‍ക്ക് കൈതാങ്ങായി പ്രവര്‍ത്തിക്കുക
എന്നിവയെല്ലാം ഈ സംഗമത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് സജി
പുല്ലാട് വിശദീകരിച്ചു.
റെജി ജോര്‍ജ് (പ്രസിഡന്റ്) ഷിബി സ്‌ക്കറിയ (വൈസ് പ്രസിഡന്റ്) സജി പുല്ലാട്
(സെക്രട്ടറി) ബിജു പി. മാത്യു, റെനി കവലയില്‍ (ജോ. സെക്രട്ടറിമാര്‍), ഷിജു
ജോര്‍ജ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായും എബ്രഹാം എബ്രഹാം അലക്‌സാണ്ടര്‍
വര്‍ഗീസ്, ഡാനിയേല്‍ സ്‌കറിയ, ജേക്കബ് പെരിഞ്ഞേലില്‍, ബാബു ജോര്‍ജ്
എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
വനിതാ വിഭാഗം വിവിധ കമ്മറ്റി കോ ഓര്‍ഡിനേറ്റഴ്‌സായി വത്സ, ലിസി, ഷീല, മറിയ എന്നിവരെ തിരഞ്ഞെടുത്തു.
വേരുകള്‍ തേടുന്നവരുടെ വഴിത്താരകളില്‍ പുതുതലമുറയുടെ പ്രതീകമായ ഷിബി
സ്‌കറിയ സംഗമത്തിന് സ്വാഗതം ആശംസിച്ചു. ഭാവി പരിപാടികളേ പറ്റി നടന്ന
ചര്‍ച്ചയില്‍ ഈശോ, ഷാജി, ബോണി, ഷിബു, വിപിന്‍, വിന്‍സി, ജേക്കബ് ജൂണിയര്‍
എന്നിവര്‍ പങ്കെടുത്തു.
സംഗമത്തിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച ഡോ. ചെറി മാത്യു, ഡോ. ലൈല, ഡോ.
ജോര്‍ജ് മാമ്മന്‍, ഗീത എന്നിവര്‍ക്കും യോഗത്തില്‍ സംബന്ധിച്ച
മറ്റെല്ലാവര്‍ക്കും ബെറ്റ്‌സി സ്‌കറിയ കൃതജ്ഞത പ്രകാശിപ്പിച്ചു.
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന, സംഗമത്തിന്റെ എംസിയായി പ്രവര്‍ത്തിച്ച
സെറീന സ്‌കറിയായുടെ മലയാള ഉച്ഛാരണ വൈകല്യം തിരുത്തികൊടുത്തുകൊണ്ട് അജീഷ,
ടീന എന്നിവര്‍ കുമ്പനാട്, പുല്ലാട് സൗഹൃദ സംഗമത്തിന്റെ മാതൃ
ഭാഷാദ്ധ്യാപികമാരായി.
അടുത്ത സംഗമം രജി ജോര്‍ജിന്റെ ഭവനത്തില്‍ ജൂലൈ 26 ശനിയാഴ്ച ഏഴ് മണിക്ക്
കൂടുവാന്‍ നിശ്ചയിച്ചുകൊണ്ട് വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നോടെ 39
കുടുംബങ്ങള്‍ സംബന്ധിച്ച് സംഗമം സമംഗളം സമാപിച്ചു.