
ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിക്കെതിരെ ഫ്ലോറിഡയിലെ പാം ബേ സിറ്റി കൗൺസിലർ ചാൻഡ്ലർ ലാൻജവിന്റെ പരാമർശം വിവാദമാകുന്നു. ‘Take your curry and go home’ എന്നാണ് ലാൻജവിൻ കൃഷ്ണമൂർത്തിയോട് പറഞ്ഞതെന്ന് കൃഷ്ണമൂർത്തി സെപ്റ്റംബർ 16ന് പുറത്തുവിട്ട സന്ദേശത്തിൽ ആരോപിച്ചു.
കൃഷ്ണമൂർത്തിയെ വിദേശ അധിനിവേശക്കാരൻ എന്ന് വിശേഷിപ്പിച്ച് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പഴയ പോസ്റ്റ് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തതായി കൃഷ്ണമൂർത്തി പറഞ്ഞു.
ഒരു ദശാബ്ദമായി കോൺഗ്രസിൽ ഈ രാജ്യത്തെ സേവിക്കുന്നു എന്നും അമേരിക്ക തന്നെയാണ് തന്റെ വീട് എന്നും മൂർത്തി പ്രതികരിച്ചു.. ഇന്ത്യൻ അമേരിക്കക്കാരും കുടിയേറ്റക്കാരും കുടിയേറ്റ കുടുംബങ്ങളിൽ ജനിച്ച കുട്ടികളും ഉൾപ്പെടെ അദ്ദേഹം പുറത്തുപോകണമെന്ന് പറയുന്ന എല്ലാവരുടെയും വീടും അമേരിക്ക തന്നെയാണെന്നും കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ലാൻജവിനെതിരെ നേരത്തെയും നടപടി ഉണ്ടായിട്ടുണ്ടെന്നും കൃഷ്ണമൂർത്തി വിശദീകരിച്ചു. ഇന്ത്യൻ വംശജരെ കൂട്ടത്തോടെ നാടുകടത്തണമെന്ന തരത്തിലുള്ള പരാമർശങ്ങളെ തുടർന്ന് 2025 ഒക്ടോബറിൽ പാം ബേ സിറ്റി കൗൺസിൽ ലാൻജവിനെതിരെ 3-2 വോട്ടിന് ‘censure’ നടപടി സ്വീകരിച്ചിരുന്നു. അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിന് കത്തയയ്ക്കാനും കൗൺസിൽ 4-1 വോട്ടിന് തീരുമാനിച്ചിരുന്നു.
ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിലാണ് ലാൻജവിൻ നേരത്തെ ദേശീയതലത്തിലും വിമർശനം നേരിട്ടത്. ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടതടക്കമുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകൾക്കെതിരെ ഇന്ത്യൻ-അമേരിക്കൻ സംഘടനകളും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു.
ഇത്തരം പരാമർശങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനായി താൻ സ്ഥാപിച്ച ‘Equal Opportunity Now’ എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും കൃഷ്ണമൂർത്തി വ്യക്തമാക്കി. സംഘടനയ്ക്കായി സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ആഹ്വാനവും അദ്ദേഹത്തിന്റെ സന്ദേശത്തിലുണ്ട്.