
ലോസ് ഏഞ്ചൽസിൽ വാർത്താ കവറേജിനിടെ ഹെലികോപ്റ്റർ തകർന്നു വീണ് മൂന്ന് മരണം. അമേരിക്കൻ മാധ്യമമായ എൻബിസി ലോസ് ഏഞ്ചൽസിന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.
ലോസ് ഏഞ്ചൽസിലെ ചാറ്റ്‌സ്‌വർത്തിൽ ഒരു എസ്‌യുവിയും ബസും തമ്മിലുണ്ടായ റോഡപകടം തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് സംഭവം. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 6:57-ഓടെയായിരുന്നു അപകടം. രണ്ട് വെയർഹൗസുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ഇടയിലുള്ള പാർക്കിങ് ഏരിയയിലേക്കാണ് ഹെലികോപ്റ്റർ തകർന്നു വീണത്. വീഴ്ചയുടെ ആഘാതത്തിൽ ഹെലികോപ്റ്ററിനും സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്കും തീപിടിച്ചു.
അപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവസമയത്ത് നിരവധി വാര്‍ത്താ ഹെലികോപ്റ്ററുകള്‍ പ്രദേശത്തുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ അപകടസ്ഥലത്തിന് ഏകദേശം 1.6 കിലോമീറ്റര്‍ അകലെയാണ് നേരത്തെ നടന്ന ബസ് അപകടസ്ഥലം.
കൊല്ലപ്പെട്ടവരിൽ ഒരാൾ കാൽനടയാത്രികനാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്