
എബിയും രാജുവും വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ അവരെ കാത്ത് ഒരു അതിഥി ഉണ്ടായിരുന്നു- ദിവാകർ. സ്വീകരണ മുറിയിൽ അയാളോട് സംസാരിച്ചുകൊണ്ടിരുന്ന ബീനയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു. താൻ ഇതുവരെ കണ്ട ബീനയല്ലാ അതെന്നു എബിയ്ക്ക് തോന്നി.
മോടിയായി വസ്ത്രം ധരിച്ച, നോക്കിലും എടുപ്പിലും ആത്മ വിശ്വാസം തുടിക്കുന്ന ഊർജസ്വലയായ യുവതി. ഷാംപൂ ചെയ്ത, മിനുങ്ങും വരെ ബ്രഷ് ചെയ്ത മുടിയിഴകൾ അവളുടെ തോളിൽ താളം തല്ലുന്നു. അധരങ്ങളുടെ നേർത്ത ചുവപ്പു ലിപ്സ്റ്റിക് കടുപ്പിച്ചിരിക്കുന്നു, കവിളുകളുടെ വിളർച്ച റൂഷിൻറെ തലോടലിൽ മാഞ്ഞിരിക്കുന്നു. വിടർന്നു വരുന്ന റോസാപ്പൂവിന്റെ സ്നിഗ്ദ്ധതയാണ് അവയ്ക്കിപ്പോൾ. എന്തിനെന്നു അറിയാത്ത ദേക്ഷ്യവും, സങ്കടവും, അസൂയയും കൂടിക്കലർന്ന എന്തോ ഒന്ന് എബിയെ വിഴുങ്ങി. അരുതാത്തത് എന്തെങ്കിലും താൻ ചെയ്ത് പോകുമോ എന്ന് അയാൾ ഭയന്നു. എബിയും രാജുവും കയറി വരുന്നത് കണ്ടുകൊണ്ടു ബീന എഴുന്നേറ്റു.
'ദിവാകർ, ഞാൻ പരിചയപ്പെടുത്തേണ്ടല്ലോ... മൈ ഹസ്ബൻഡ് ഡോക്ടർ എബി ജോർജ്. ഇത് ബ്രദർ... രാജുച്ചായൻ’
ചിരിച്ചുകൊണ്ട് ദിവാകർ എഴുന്നേറ്റു, ഹസ്തദാനം ചെയ്യാൻ എബിയുടെ നേരേ കൈനീട്ടി. എബി തീരെ താല്പര്യമില്ലാതെയാണ് അയാളുടെ ഹസ്തദാനം സ്വീകരിച്ചത്.
'ഞാൻ ദിവാകർ. ഇവരുടെ കമ്പനിയിൽ ഒരു മാനേജരാ... കല്യാണത്തിരക്കിനിടയിൽ കണ്ടതേയുള്ളൂ, പിന്നെ കാണാൻ അവസരം ഉണ്ടായില്ല.' അയാൾ പറഞ്ഞു.
'ഹലോ' എബിയുടെ ശബ്ദം പതിഞ്ഞതായിരുന്നു.
'ഐ വാസ് വെയ്റ്റിംഗ് ഫോർ യു. ചില കാര്യങ്ങൾ പറയാൻ...' ദിവാകർ പറഞ്ഞു.
'നിങ്ങൾ സംസാരിക്കൂ...' അവരുടെ വ്യക്തിപരമായ കാര്യങ്ങളായാലും, ബീനയുടെ കമ്പനി കാര്യങ്ങളായാലും സംസാരിക്കാൻ വേണ്ടുന്ന സ്വകാര്യത ഒരുക്കിക്കൊണ്ട് രാജു അകത്തേക്ക് പോകാൻ ഒരുങ്ങി.
'ഇല്ല. രാജുച്ചായൻ പോകരുത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ദിവാകറിന് പറയാനുള്ളത്. അമ്മച്ചിയും, പപ്പയും എല്ലാവരും അറിയണം.' അകത്തേക്ക് പോകാൻ ഭാവിച്ച രാജുവിനെ തടഞ്ഞുകൊണ്ട് ബീന പറഞ്ഞു. എന്നിട്ടു അടുത്തിരിക്കയായിരുന്ന എബിയുടെ കൈവിരലുകളിലൂടെ അവൾ തൻറെ വിരലുകൾ കോർത്തു. എബി അവളുടെ മുഖത്തേക്ക് നോക്കി.
'എന്താണ് ഇതൊക്കെ?' എന്ന ദീനമായ ചോദ്യമുണ്ടായിരുന്നു ആ നോട്ടത്തിൽ
റീത്താമ്മ ജോർജിൻറെ വീൽചെയർ ഉരുട്ടിക്കൊണ്ടു വന്നിരുന്നു അപ്പോഴേക്കും.
'പറയൂ. ദിവാകർ.' ബീന നിർദേശിച്ചു.
തൻറെ നീണ്ട നേരെ എല്ലാ മുഖങ്ങളിലേക്കും ദിവാകർ മാറിമാറി നോക്കി. എന്നിട്ട് ഒരു ദീർഘനിശ്വാസത്തോടെ, അയാൾ പറഞ്ഞു തുടങ്ങി:
'നിങ്ങൾ ഉദ്ദേശിക്കുമ്പോലെ വനജയെ കൊല്ലാനുള്ള ശ്രമങ്ങൾ അല്ല ഇവിടെ നടന്നത്. കുരുവിളയുടെ പാർക്കിംഗ് ലോട്ടിൽ വെച്ചും, അതിനു മുൻപ് ഈ മുറ്റത്തും നടന്നത് ബീനയെ വകവരുത്താനുള്ള ശ്രമങ്ങളായിരുന്നു...'
‘പാർക്കിംഗ് ലോട്ടിൽ ആള് മാറിയാണ് അവർ വനജയെ ആക്രമിച്ചത്.... അന്ന് ബീന ആ ഓഫിസിൽ ചെല്ലുമെന്നു അറിഞ്ഞുകൊണ്ട് അവർ അവിടെ കാത്തിരിക്കുകയായിരുന്നു. അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നതുകൊണ്ടു ബീന വളരെ സൂക്ഷിച്ചായിരുന്നു നീങ്ങിയിരുന്നത്. കഷ്ടകാലത്തിനു അതിൻറെ നടുവിലേക്കാണ് വനജ വന്നു പെട്ടത്'
ദിവാകറിൻറെ വാക്കുകൾ അശനിപാതം പോലെയാണ് അവിടെ കൂടിയിരുന്നവരുടെ മേൽ പതിച്ചത്. മിണ്ടാനാവാത്തവണ്ണം ഞെട്ടിത്തരിച്ചുപോയി അവർ എല്ലാവരും. എങ്കിലും ആ വാക്കുകൾ ഏറെ നടുക്കിയത് എബിയെ ആയിരുന്നു. മുഖo കടലാസ് പോലെ വിളറി, ശ്വാസം തൊണ്ടയിൽ കുടുങ്ങി, അയാൾ പാടെ തളർന്നുപോയി.
ഇത്ര വലിയ ഒരാപത്തിനു നാടുവിലാണോ തൻറെ ഭാര്യ ഇവിടെ കഴിഞ്ഞത് ? ഒരു ഭാര്യയ്ക്ക് വേണ്ടുന്ന യാതൊരു പരിരക്ഷയും നല്കാൻ കഴിയാത്ത, എന്തിനു അവൾ നേരിട്ട അത്യാപത്തിനെക്കുറിച്ചു മനസിലാക്കാൻ പോലും കഴിയാത്തതിലും വലിയ പരാജയം ഭർത്താവെന്ന നിലയിൽ എന്ത് ഉണ്ടാവാനാണ്? എബിയ്ക്ക് തന്നോട് തന്നെ പുച്ഛo തോന്നി.
'എന്റീശോയേ...' റീത്താമ്മ നിലവിളി ച്ചു. ‘ഞാൻ എന്താ ഈ കേൾക്കുന്നത്?'
' എൻറെ മോളേ നീ ആരോടും ഒന്നും പറയാതെ…..?' ജോർജിന് അത്രയും തന്നെ പറയാൻ കഴിയുമായിരുന്നില്ല.
ഇത്ര ഭീകരമായ വിപത്തിനു മുന്നിലും ബീന ആരോടും ഒന്നും പറഞ്ഞില്ല എന്നത് അവരെ ഓരോരുത്തരേയും വല്ലാതെ സങ്കടപ്പെടുത്തി.
'ആര്? ആരാണ് ഇതൊക്കെ ചെയ്യുന്നത്?' രാജു ചോദിച്ചു.
'ബീനയുടെ കമ്പനിയേയും, ആസ്തിയേയും പറ്റി ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ... തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നവർ പലരുണ്ട്... അതിൽ പ്രധാനി നടരാജൻ..... ആരാണെന്നു ....'
'അറിയാം. പറയേണ്ട...' നടരാജനേയും സുലോചനയേയും കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങൾ തടഞ്ഞു കൊണ്ട് എബി പറഞ്ഞു. ബീനയ്ക്കു ദുഖമുണ്ടാക്കുന്ന ആ ഏടുകൾ വീണ്ടും വീണ്ടും പറഞ്ഞ് അവളെ സങ്കടപ്പെടുത്താൻ എബി ഇഷ്ടപ്പെട്ടില്ല.
'നടരാജനെ മലേഷ്യയിൽ അറസ്റ്റ് ചെയ്തു കഴിഞ്ഞു. പണാപഹരണo, ഗൂഡാലോചന, വധശ്രമം, അവൻറെ പേരിലുള്ള കുറ്റങ്ങളുടെ ഡീറ്റെയിൽസ് എനിക്ക് കിട്ടിയിട്ടില്ല. രണ്ടു രാജ്യങ്ങളിൽ അല്ലേ റിപ്പോർട്ടുകൾ കിട്ടാൻ സമയം എടുക്കും. വിശദമായ റിപ്പോർട്ടുമായി വക്കീൽ വിളിക്കും. കേസിൻറെ കാര്യത്തിന് ബീന കുറച്ചു ദിവസത്തേക്ക് മലേഷ്യക്ക് ഒന്ന് വരേണ്ടിവരും’
ദിവാകർ എബിയോട് പറഞ്ഞു.
‘പിന്നെ ഇവിടുത്തെ അയാളുടെ കൂട്ടാളികൾ... അവരെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടുത്തെ പൊലീസിന് കൈമാറിയിട്ടുണ്ട്. ഞാൻ എസ്.പി ബാലചന്ദ്രനുമായി സംസാരിച്ചിട്ടാണ് വരുന്നത്.
'എന്നാലും എൻറെ കുഞ്ഞേ... നിനക്ക് ആരോടെങ്കിലും ഇതൊക്കെ ഒന്ന് സൂചിപ്പിക്കയെങ്കിലും... ഞങ്ങൾ നിൻറെ ആരുമല്ലേ?' റീത്താമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് ബീനയോടു ചോദിച്ചു.
'അതിന് കാരണമുണ്ട് അമ്മച്ചി...' ബീന പറഞ്ഞു. 'ചില കാര്യങ്ങളിൽ എനിക്ക് ചില സംശയങ്ങൾ തോന്നിയിരുന്നു....'
'അന്ന് വനജ പറഞ്ഞത് സത്യമായിരുന്നു. ഞാനും വനജയും അകത്തു കയറിയ ശേഷമാണ് ഞങ്ങളുടെ പിന്നിൽ ആരോ ഗേറ്റ് പൂട്ടിയത്. അത് ഇവിടെ ആരെങ്കിലുമേ ആകാൻ പറ്റൂ...'
'ആര്?'
'ഞാൻ പറയാം.... '
ശബ്ദം കേട്ടിടത്തേക്കു എല്ലാവരും തിരിഞ്ഞു നോക്കി. കയ്യിൽ വലിയ ഒരു ട്രേയിൽ കാപ്പിയും പലഹാരങ്ങളുമായി സുമ നിൽക്കുന്നു. എത്ര വയ്യാഴികയിലും ആഥിത്യമര്യാദ മറക്കാത്ത നല്ല കുടുംബിനി!
സുഖമില്ലാതെ, ദിവസംമുഴുവൻ എഴുന്നേൽക്കാതെ കിടക്കുകയായിരുന്ന സുമ എഴുന്നേറ്റു കാപ്പിയും മറ്റും ഉണ്ടാക്കിയത് കണ്ടപ്പോൾ ആദ്യം അതിശയമായിരുന്നു അവർക്ക്. പക്ഷേ, ആ അതിശയം പെട്ടെന്ന് തന്നെ അങ്കലാപ്പിനു വഴിമാറി. ഇവൾക്കെന്താണ് സംഭവിച്ചത്? അവളുടെ അശ്രദ്ധമായ വേഷവും, അഴിഞ്ഞു കിടക്കുന്ന മുടിയും കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്നു ആ കുടുംബാംഗങ്ങൾക്ക് മനസിലായി. അവളുടെ കണ്ണുകളിലെ അതുവരെ കണ്ടിട്ടില്ലാത്ത വന്യമായ തിളക്കവും മുഖത്തെ രൗദ്രഭാവവും അവരെ നടുക്കി...
'ഞാൻ പറയാം...'.
കേട്ട് പരിചയിച്ച സുമയുടെ മധുരമുള്ള ശബ്ദമായിരുന്നില്ല അത്. ഏതോ ആഴമേറിയ ഗുഹാമുഖത്തു നിന്നും പുറത്തേക്കു തെന്നി തെറിക്കുന്ന മുരൾച്ച ആയിരുന്നു അത്.
'ഞാനാ പൂട്ടിയത്....'
കയ്യിലിരുന്ന ട്രേ തലയ്ക്കു മുകളിലേക്ക് ഉയർത്തിയിട്ടു ഊക്കോടെ നിലത്തേക്കെറിഞ്ഞു അവൾ. അതിലുണ്ടായിരുന്ന ഭംഗിയുള്ള പാത്രങ്ങൾ ഒന്നൊഴിയാതെ പൊട്ടിച്ചിതറി. നിലത്ത് ഒഴുകി പരന്ന കാപ്പിയിൽ പലഹാരങ്ങൾ പൊടിഞ്ഞു ചേർന്നു.
അവിടെ ഉണ്ടായിരുന്നവർ എല്ലാവരും ഒന്നും മിണ്ടാതെ വീർപ്പടക്കിപ്പിടിച്ചു സുമയെ നോക്കി. അവരുടെ കണ്ണുകളിൽ ഭയത്തിൻറെ നിഴൽപ്പാടുകൾ ഉണ്ടായിരുന്നു.
എബിയുടെ കൈകൾ ബീനയെ ചേർത്ത് പിടിച്ചു. ദിവാകർ ബീനയുടെ അടുത്തേക്ക് നീങ്ങി, ഏതു വശങ്ങളിലൂടെയും അവളോട് ആർക്കും അടുക്കാനാവാത്ത പ്രതിരോധം സൃഷ്ടിച്ചു. കാവലിനു നിയോഗിക്കപ്പെടുന്ന അംഗരക്ഷകരുടെ സുരക്ഷാനീക്കം. എബി അത് ശ്രദ്ധിച്ചു. സുമയും. അവൾ ആ നീക്കംകണ്ട് പൊട്ടിച്ചിരിച്ചു:
'പേടിക്കേണ്ട ഈ മനോരോഗിയെ ആര് ഗൗനിക്കുന്നു !'
സുമയുടെ ശബ്ദം കനത്തു. കണ്ണുകളിൽ നിന്നും തീ പാറി.
'പക്ഷേ, അവൾ... എല്ലാം തികഞ്ഞവൾ. അവളും, അവളുടെ പാവക്കുട്ടികളും... എൻറെ കണ്മുന്നിൽ ചിരിച്ചുല്ലസിച്ച്… അവർ കരയണം. എനിക്ക് കാണണം.'
സുമ കിതച്ചു. ദ്രുതഗതിയിലുള്ള ശ്വാസോച്ച്വസത്താൽ മാറിടം ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. അവൾ മുന്നോട്ടാഞ്ഞു രാജുവിൻറെ ഷർട്ടിൽ കുത്തിപ്പിടിച്ചു.
' അവളുടെ തൊഴിലാളിയായി, അവളുടെ ഔദാര്യം പറ്റി, പട്ടിയെപ്പോലെ.... നാണം കെട്ട്. എത്ര പ്രാവശ്യം പറഞ്ഞു ഇവിടെ നിന്ന് പോകാമെന്ന്, പോയി രക്ഷപെടാമെന്ന്…. കേട്ടില്ല നിങ്ങൾ… ഞാൻ പറഞ്ഞത് ഒന്നും...’
'നിങ്ങൾക്ക് സ്നേഹമായിരുന്നു എല്ലാവരോടും...'
'സുമേ...' പരിക്ഷീണമായി രാജുവിൻറെ ചുണ്ടുകൾ അനങ്ങി. പക്ഷെ ശബ്ദം ഒട്ടും പുറത്തു വന്നില്ല.
സാരിയുടെ ഞൊറികൾക്കിടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന കത്തി സുമ പുറത്തെടുത്തതും, രാജുവിൻറെ കഴുത്തിലേക്ക് കുത്തിയിറക്കിയതും ഞൊടിയിടയിൽ കഴിഞ്ഞു. രാജുവിൻറെ തൊണ്ടക്കുഴിയിൽ നിന്നും ഒരു ആർത്തനാദം ഉയർന്നു.
'രാജുച്ചായാ...' അലറിക്കരഞ്ഞുകൊണ്ടു എബി കുഴഞ്ഞു വീഴുകയായിരുന്ന രാജുവിൻറെ അടുത്തേക്ക് പാഞ്ഞു. കുത്തിയ കത്തി വലിച്ചൂരിയെടുത്തു സുമ എബിയുടെ നേരെ വീശി.
ഒരു നിമിഷം,
ദിവാകറിൻറെ ബലിഷ്ഠമായ കൈകൾ അർദ്ധവൃത്താകൃതിയിൽ ഉയർന്നു താണു. സുമയുടെ കൈയിൽ നിന്നും കത്തി താഴെ വീണു. എല്ലുകൾ ഒടിയുന്ന പോലെയുള്ള കറകറ ശബ്ദം കേട്ടു. സുമ നിന്നിടത്തു നിന്നും വട്ടം തിരിഞ്ഞു മിന്നൽ പോലെ പുറത്തേക്കു പാഞ്ഞു.
അവിടെ ഉണ്ടായിരുന്നവർ അത് കണ്ടുപോലുമില്ല. അവരുടെ മുഴുവൻ ശ്രദ്ധയും രാജുവിലായിരുന്നു. കഴുത്തിൽ ആഴത്തിലുള്ള ആ മുറിവ് എത്ര ഗുരുതരമാണെന്ന് എബിക്ക് അറിയാമായിരുന്നു. രക്തമൊഴുക്ക് തടയാനുള്ള തീവ്രശ്രമത്തിലായിരുന്നു അയാൾ. തഴക്കം വന്ന ഡോക്ടറായിട്ടും എബിയുടെ കൈ വിറക്കുന്നുണ്ടായിരുന്നു. ചുറ്റും നടക്കുന്ന യാതൊന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല.
ബീനയും എബിയുടെ അടുത്തായി മുട്ടുകുത്തിയിരുന്നു അയാളെ സഹായിക്കുകയായിരുന്നു. രാജു വീഴുന്നത് കണ്ട റീത്താമ്മ ബോധംകെട്ടു നിലത്തു വീണു. ജോർജ് ഒരു വിഡ്ഢിയെപ്പോലെ ചുറ്റും നടക്കുന്നത് നോക്കി വീൽചെയറിൽ അന്തം വിട്ടിരിക്കയായിരുന്നു.
'ആംബുലൻസ്, ആംബുലൻസ് നമ്പർ എവിടെയാ?' അയാളെ കുലുക്കി വിളിച്ചു ദിവാകർ. അയാൾ ഫോണിനടുത്തേക്കു ചൂണ്ടി. എഴുതിവെച്ച എമെർജൻസി നമ്പർ നോക്കി ദിവാകർ ആംബുലൻസിനു ഫോൺ ചെയ്തു.
അപ്പോൾ പുറത്ത്, ഗേറ്റിനു പുറത്ത് ഏതോ ലോറി ബ്രേക്കിട്ടു നിർത്തുന്നതും, ആളുകൾ ഓടിക്കൂടുന്നതും അപകടത്തിൽ പെട്ട ആളിനെ അതിലെ പോയ ജീപ്പിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയതും ഒന്നും അവർ അറിഞ്ഞില്ല. പുറത്തേക്കുള്ള പാച്ചിലിനു ഇടയിൽ സുമ ആ ഗേറ്റ് വലിച്ചടച്ചിരുന്നു.
മിനിട്ടുകൾക്കകം ആംബുലൻസിൻറെ സൈറൻ കേട്ടു. ഗേറ്റ് തുറന്നു കൊടുക്കാൻ ബീന താക്കോലുമായി പുറത്തേക്കു ഓടി.
ഗേറ്റ് തുറന്ന ബീനയുടെ നിലവിളി ഉയർന്നു പൊങ്ങി:
ഓ മൈ ഗോഡ്...'
Read More: https://www.emalayalee.com/writer/69